''കുതന്ത്രങ്ങളിലൂടെ വേണമെങ്കിലും, അത്യുന്നത സ്ഥാനങ്ങളിലെത്താമെന്നു കാണിച്ചു തന്നിട്ടുള്ള 'മിടുക്കന്മാർ" നമ്മുടെ ചുറ്റാകെ കുറച്ചുപേരെങ്കിലുമുണ്ടെന്ന് നമുക്കെല്ലാമറിയാം, അല്ലേ? പക്ഷെ, ഇക്കൂട്ടർക്ക് ചില പൊതുലക്ഷണങ്ങളുണ്ട്! അതറിയാമോ? സ്ഥാനത്തിരിക്കുമ്പോൾ ഇവർ ഉരുവിടുന്ന വാക്കുകളും, ചെയ്യുന്ന പ്രവൃത്തികളും ശ്രദ്ധിച്ചിട്ടുണ്ടോ? സംശയമെന്താ, അത് അവരെ കുപ്രസിദ്ധിയുടെ കൊടുമുടി മുകളിലെത്താൻ സഹായിക്കുന്നവയായിരിക്കും! ഇക്കൂട്ടർക്ക്, കള്ളങ്ങൾ, സത്യംപോലെ പറയാനൊരു പ്രത്യേക കഴിവുണ്ടായിരിക്കും! ഇവർ ഏതു സ്ഥാനത്തെത്തിയാലും, ആ സ്ഥാനത്തിന്റെ ഔന്നത്യമെന്തെന്നറിയാത്തൊരു പെരുമാറ്റമായിരിക്കും പലപ്പോഴും സമൂഹത്തിനു ലഭിക്കുക! എന്നാൽ, ഈ 'കുറുക്കുവഴി"ക്കാർ, എപ്പോഴും അവരുടെ സ്വന്തം കാര്യങ്ങളിൽ അതീവ ശ്രദ്ധയുള്ളവരുമായിരിക്കും! ഞാനിന്നു പറയാനുദ്ദേശിക്കുന്നത്, മൺമറഞ്ഞ് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഊഷ്മള സുഗന്ധം പരത്തി, നവതലമുറകൾക്ക് ദിശാബോധം നൽകുന്ന ഒരു കത്ത്, മകന്റെ അദ്ധ്യാപികക്കെഴുതിയ അച്ഛനെപ്പറ്റിയാണ് ! എങ്കിലല്ലേ നമ്മുടെ മനസിൽ പോസിറ്റീവ് ചിന്തകൾക്ക് വേരോട്ടമുണ്ടാകു! അതെന്തെന്നാണോ? നമുക്കു പിന്നാലെ വരാൻ പോകുന്നവർ, നമ്മളെക്കാൾ നല്ലവരാകണ്ടേ! എങ്കിലല്ലേ യാത്ര മുന്നോട്ടാകു"" ഇപ്രകാരം പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾ കേൾക്കാൻ സശ്രദ്ധമിരിക്കുന്നതുകണ്ട്, നിറപുഞ്ചിരിയോടെ പ്രഭാഷകൻ, ഇപ്രകാരം തുടർന്നു:
''മക്കളെ ഏറ്റവും നന്നായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും ജീവിതലക്ഷ്യമാണ്. എങ്ങനെയാണ് മക്കളെ വളർത്തിക്കൊണ്ട് വരേണ്ടത്, എങ്ങനെ കുട്ടികളുടെ വ്യക്തിത്വം ഒരുക്കിയെടുക്കണം? ഇത് മിക്ക മാതാപിതാക്കളുടേയും ആശങ്കകളാണ്. മകനെ എന്തൊക്കെ പഠി പ്പിക്കണമെന്നതിനെക്കുറിച്ച് വിശദമാക്കി അദ്ധ്യാപികയ്ക്ക് അയച്ച ആ കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. ഇതിലെ പ്രധാനഭാഗങ്ങൾ ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവൻ പഠിക്കട്ടെ എന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെയല്ല, എല്ലാവരും നല്ലവരുമല്ല. എന്നാൽ ഇതുകൂടി അവൻ അറിയണം, എല്ലാ നീചന്മാർക്കുമിടയിൽ നല്ലവരുമുണ്ടാകും. സ്വാർത്ഥരായ രാഷ്ട്രീയക്കാർക്കിടയിലും അർപ്പണ ബോധമുള്ള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകും. വെറുതെ കിട്ടിയ നൂറുരൂപയെക്കാൾ ഇരട്ടി മൂല്യമുള്ളതാണ് അദ്ധ്വാനിച്ച് നേടിയ പത്തുരൂപ എന്നു കൂടി അവനെ പഠിപ്പിക്കുക. തോൽവികളെ നേരിടാനും അഹങ്കരിക്കാതെ വിജയങ്ങളിൽ അഭിമാനിക്കുവാനും അവനെ പഠിപ്പിക്കുക. പുഞ്ചിരികളുടെ രഹസ്യം അവൻ അറിയട്ടെ, പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനിൽ ഉണ്ടാകണം. സങ്കടങ്ങളിൽ പുഞ്ചിരിക്കേണ്ടതെങ്ങനെയെന്ന് അവനെ പഠിപ്പിക്കൂ. എന്നാൽ കണ്ണുനീരിൽ നാണക്കേടില്ലെന്നും അവൻ അറിയണം. കഴിയുമെങ്കിൽ പുസ്തകങ്ങളുടെ അതിശയലോകം അവന് കാണിച്ചു കൊടുക്കു. മറ്റുള്ളവരെ വഞ്ചിക്കുന്നതിലും നല്ലത് സ്വയം തോറ്റു കൊടുക്കുന്നതാണെന്ന് അവൻ അറിയണം. തെറ്റാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ ഉറച്ചുനിൽക്കാൻ അവൻ പഠിക്കട്ടെ. മാന്യന്മാരോട് മാന്യമായും, മുരടന്മാരോട് അങ്ങനെയും പെരുമാറാൻ അവൻ പഠിക്കട്ടെ. ആൾക്കൂട്ടത്തിനു പിന്നാലെ പോകാതെ ഒഴുക്കിനെതിരെ നീന്താൻ അവന് ശക്തി നൽകുക. എല്ലാവരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ അവനെ പഠിപ്പിക്കുക. എല്ലാം കേൾക്കുവാനും അതിൽ നിന്ന് ആവശ്യമായവ മാത്രം അരിച്ചെടുക്കുവാനും അവൻ അറിയണം. അദ്ധ്വാനത്തിനും ആശയങ്ങൾക്കും തക്ക പ്രതിഫലം വാങ്ങാൻ അവന് കഴിയണം. പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാൻ അനുവദിക്കരുത്. ശരിയെന്ന് ബോദ്ധ്യപ്പെടുന്ന കാര്യത്തിൽ ഉറച്ചു നിൽക്കാനും, അതിനുവേണ്ടി പൊരുതാനും അവന് കഴിയണം. അവനോട് അധികലാളനവേണ്ട. അത് അവനെ ചീത്തയാക്കിയേക്കാം! ഇത്രയും കേട്ടതിൽ നിന്നും, ഈ കത്തെഴുതിയ അച്ഛൻ, ഒരു സാധാരണ അച്ഛനല്ലയെന്നു മനസിലായോ? ആളെ പിടികിട്ടിയില്ലേ, ആ അച്ഛന്റെ പേരാണ് എബ്രഹാം ലിങ്കൺ. ഇപ്പോൾ മനസിലായോ, നല്ല വ്യക്തിത്വങ്ങൾ ഒരിക്കലും മരിക്കുന്നില്ല! കുറുക്കുവഴി ചെപ്പടിവിദ്യക്കാരോ, ചുമ്മാതങ്ങ് ചത്തുപോകുന്നു!"" സദസിലെചിരിക്കൂട്ടായ്മയിൽ പ്രഭാഷകനും കൂടി ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |