തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം, തമിഴ് മേളവിദഗ്ധൻ ശിവമണി തുടങ്ങിയ പ്രമുഖർ അന്നപൂർണയിലെ രുചി വൈവിധ്യമറിഞ്ഞവരാണ്. ഇവരിൽനിന്ന് കേട്ടറിഞ്ഞ് പല പ്രമുഖരും അന്നപൂർണയിലെത്തിയിട്ടുണ്ട്. ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന ചോറ്റാനിക്കര അമ്പാടി മല സ്വദേശി സന്ദീപ് പൈയുടെ ആത്മസമർപ്പണമാണ് അന്നപൂർണ ടിഫിൻ കഫേ. കമ്പ്യൂട്ടർ മേഖലയിൽ ബിരുദധാരിയായ സന്ദീപ് തികച്ചും യാദൃശ്ചികമായാണ് ഹോട്ടൽ ബിസിനസിലേക്ക് തിരിഞ്ഞത്. പ്രഭാകര പൈ, ലക്ഷ്മി ദമ്പതികളുടെ മക്കളായ സന്ദീപും ഇളയ സഹോദരൻ എം.ബി.എ ക്കാരനായ രാജേഷും ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരായിരുന്നു. സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ് എന്ന ചിന്തയിൽ മുന്നോട്ടുപോകുമ്പോഴാണ് റസ്റ്റോറന്റ് എന്ന ആശയം മനസിൽ ഉദിച്ചത്. ചോറ്റാനിക്കര അമ്പാടിമലയിൽ സ്വന്തമായുളള സ്ഥലം സന്ദീപിന് മുതൽകൂട്ടായി. റോഡിന് അഭിമുഖമായി കിടക്കുന്ന ഈ സ്ഥലത്ത് അധികം മുതൽ മുടക്കില്ലാതെ ഒരു കെട്ടിടം നിർമ്മിച്ച് അന്നപൂർണ ടിഫിൻ ഹൗസ് ആരംഭിച്ചു. വിശാലമായ പാർക്കിംഗ് സൗകര്യം ഉള്ളസ്ഥലം റസ്റ്റോറന്റ് തുടങ്ങാൻ ഏറെ അനുകൂലമായി.
2018ലാണ് യാതൊരു മുൻപരിചയവുമില്ലാതെ ഇരുവരും ഭക്ഷ്യവിപണിയിലേക്ക് ഇറങ്ങുന്നത്. ചെറുപ്പം മുതൽ മസാലദോശ പ്രിയനായിരുന്ന സന്ദീപ് സ്വന്തമായി റസ്റ്റോറന്റ് തുടങ്ങിയപ്പോഴും ആ ശീലം മറന്നില്ല. അതാവാം അന്നപൂർണയിലെ വിശിഷ്ട്യഭോജ്യമായി മസാലദോശ മാറിയത്. ഏറ്റവും ഗുണമേന്മയുള്ള ബ്രാൻഡ് അസംസ്കൃത വസ്തുക്കൾ വാങ്ങി സ്വന്തമായി തയ്യാറാക്കുന്ന വിഭവങ്ങൾ മാത്രമേ ഇവിടെ വിളമ്പാവൂ എന്ന കാര്യത്തിൽ ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതൽ സാമൂഹ്യസേവന തൽപ്പരനായിരുന്നതും അതിനൊരു നിമിത്തമായി. വിശക്കുന്നവർ മാത്രമാണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. അവർക്ക് നല്ലഭക്ഷണം തന്നെ നൽകണം. അവിടെ ലാഭനഷ്ടങ്ങളേക്കാൾ പ്രധാനം സംതൃപ്തിയാണ്. വിളമ്പിയവർക്കും കഴിക്കുന്ന ആളിനും ഒരുപോലെ സംതൃപ്തിയുണ്ടാകണം. ഭക്ഷണത്തിന് രുചിയും മണവും വർദ്ധിപ്പിക്കാൻ കൃത്രിമമാർഗങ്ങളൊന്നും സ്വീകരിക്കില്ലെന്നതാണ് സന്ദീപിന്റെ ശപഥം. അസംസ്കൃത വസ്തുക്കൾ കൃത്യമായ അളവിൽ ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന് സ്വാഭാവികമായി കിട്ടുന്ന രുചി മതി. അതിന് കൃത്രിമ രുചിയേക്കാൾ ഗുണമുണ്ടാകും. അതുകൊണ്ട് രുചിയേയും മണത്തേയും പിന്നിലാക്കുന്ന ഗുണത്തിനാണ് അന്നപൂർണയിൽ പ്രാധാന്യം. ദോശയ്ക്കുള്ള അരിയും ഉഴുന്നും ചേരേണ്ട അളവിൽ ചേർത്ത് സ്വന്തമായി അരച്ചുണ്ടാക്കുന്നതുമാത്രമേ അന്നപൂർണയിൽ പാചകം ചെയ്യാറുള്ളു. ബാക്കിവരുന്ന ഭക്ഷണസാധനങ്ങളിൽ പാൽ, തൈര്, ബട്ടർ, പനീർ ഒഴികെ മറ്റൊന്നും നാളത്തേയ്ക്കായി ഫ്രീസറിൽ സൂക്ഷിക്കാറില്ല. പച്ചക്കറിയും പഴവർഗങ്ങളുമെല്ലാം അതത് ദിവസം മാർക്കറ്റിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. അന്നപൂർണയിലെ സ്പെഷ്യൽ വിഭവങ്ങളിലൊന്ന് മഷ്റൂം (കൂൺ) വിഭങ്ങളാണ്. എല്ലാദിവസവും ഫ്രഷ് കൂണാണ് ഇതിനുപയോഗിക്കുന്നത്. ചപ്പാത്തിയുടെ കാര്യത്തിൽ മാവ് ആശിർവാദ് ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ആദ്യമൊക്കെ മാർക്കറ്റിൽ നിന്ന് നല്ല ഗോതമ്പ് വാങ്ങി സ്വന്തമായി പൊടിച്ച് ചപ്പാത്തി ഉണ്ടാക്കിയെങ്കിലും ഡിമാന്റില്ലായിരുന്നു. അതോടെയാണ് ആശിർവാദിലേക്ക് മാറിയത്. ഉച്ചയൂണിന് പാലക്കാടൻ മട്ട മാത്രം. ഫ്രൈഡ് റൈസിനും ബിരിയാണിക്കുമുള്ള നല്ല ഗുണമേന്മയുള്ള അരി നേരിട്ട് വാങ്ങുകയാണ്. റസ്റ്റോറന്റിലെ പാചകത്തിന് ഫിൽറ്റേഡ് വാട്ടറേ ഉപയോഗിക്കൂ. എണ്ണയും പലവ്യജ്ഞനങ്ങളും ഉൾപ്പെടെ എല്ലാ അസംസ്കൃത വസ്തുക്കളുടെയും തിരഞ്ഞെടുപ്പിലും വിനിയോഗത്തിലും പുലർത്തുന്ന കൃത്യതയും കാര്യക്ഷമതയുമാണ് അന്നപൂർണയിലെ ആഹാരവിശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കുന്നത്. ഏതാണ്ട് 18 മണിക്കൂറോളം സന്ദീപ് തന്റെ റസ്റ്റോറന്റിൽ ചെലവഴിക്കുന്നു. റസ്റ്റോറന്റ് ആരംഭിച്ചതിനുശേഷം സന്ദീപ് ആകെ 5 ദിവസമാണ് സ്വന്തം കാര്യങ്ങൾക്കായി അവധിയെടുത്തിട്ടുള്ളൂ. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് തന്റെ ഹോട്ടലിന്റെ വിജയമെന്ന് പറയുന്നതിൽ സന്ദീപിന് അഭിമാനമേയുള്ളൂ. സ്വിഗ്ഗി, സൊമാറ്റോ എന്നീ ഫുഡ് ഡെലിവറി ആപ്പുകളിൽ അന്നപൂർണ മികച്ച റേറ്റിംഗിലാണ്.
പാചകം, സപ്ലൈ, ബില്ലിംഗ് തുടങ്ങി ഉപഭോക്തൃസേവനങ്ങൾ എല്ലാം സമ്പൂർണ ഡിജിറ്റലൈസ്ഡ് സിസ്റ്റത്തിലാണ്. ഗ്ലാസ് ടേബിളിനുതാഴെ മെനുകാർഡ് വച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മെനുകാർഡ് സ്പർശിക്കാതെതന്നെ ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. സപ്ലൈറുടെ ടാബിൽ നിന്ന് അപ്പപ്പോൾ അടുക്കളയിലെ കമ്പ്യൂട്ടറിൽ ഈ വിവരം എത്തുകയും ചെയ്യും . ഇതിനായി പാചകം, സപ്ലൈ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ആവശ്യമായ പരിശീലനവും ടാബും നൽകിയിട്ടുണ്ട്. അന്നപൂർണയിലെ ജീവനക്കാർക്ക് റസ്റ്റോറന്റ് മേഖലയിൽ മികച്ച പ്രാവിണ്യമുള്ളവരായി മാറാനുള്ള എല്ലാ അവസരങ്ങളുമുണ്ട്. ക്ലീനിംഗ് വിഭാഗത്തിൽ ജോലിക്കുകയറുന്നവരെപ്പോലും കഴിവിന് അനുസരിച്ച് ഉയർത്തിക്കൊണ്ടുവരികയെന്നതാണ് സന്ദീപിന്റെ രീതി. അങ്ങോട്ടുകൊടുക്കുന്ന സ്നേഹവും കരുതലും ജീവനക്കാരിൽ നിന്ന് തിരിച്ചും കിട്ടുമെന്നതാണ് സന്ദീപിന്റെ അനുഭവം. ഇക്കാലത്ത് ഒരു റസ്റ്റോറന്റ് സുഗമമായി നടത്തുകയെന്ന് വൻ സാമ്പത്തിക ചെലവുള്ള ഒരുകാര്യമാണ്. ഇതുവരെയുള്ള ലാഭനഷ്ടങ്ങൾ വിലയിരുത്തുമ്പോൾ നഷ്ടത്തിന്റെ തട്ട് ഒരുപടി താഴ്ന്നുതന്നെയാണ് നിൽക്കുന്നത്. ചെറുപ്പം മുതൽ ഈ മേഖലയോടുള്ള താല്പര്യമാണ് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും റസ്റ്റോറന്റിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സന്ദീപിനെ പ്രേരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഉൾപ്പെടെ കനത്ത ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടിവന്നിട്ടും ആ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിച്ച അനേകർക്ക് ഭക്ഷണം എത്തിച്ചുനൽകുന്നതിനും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ടെലിവിഷൻ സെറ്റുകൾ വാങ്ങിനൽകുന്നതിനും സാമൂഹ്യപ്രവർത്തകർക്കൊപ്പം സന്ദീപ് പൈയും മുൻപന്തിയിൽ ഉണ്ടായിരുന്നു. റസ്റ്റോറന്റ് ബിസിനസിനൊപ്പം സാമൂഹ്യസേവന രംഗത്തും കൂടുതൽ ശക്തമായി മുന്നോട്ടുപോകാനാണ് ഈ ഐ.ടി.പ്രൊഫഷണലിന്റെ തീരുമാനം. ചോറ്റാനിക്കര അമ്പാടിമല പരേതനായ പ്രാഭാകര പൈയുടേയും ലക്ഷ്മിയുടേയും മകനാണ് നാൽപ്പത്തിമൂന്നുകാരനായ സന്ദീപ് പൈ. ഭാര്യ: ചന്ദ്രകല പൈ. മകൻ: സിദ്ധാർത്ഥ് പൈ (ചോയിസ് സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |