സ്വപ്നങ്ങളുടെ സൗന്ദര്യവും സംരംഭങ്ങളുടെ സാദ്ധ്യതകളും ചേർന്നൊരുക്കിയ കപ്പൽ ചാലുകളിലൂടെ ചരിത്രം രചിച്ചാണ് ശശിധരൻ എസ്. മേനോൻ എന്ന എസ്.എസ്. മേനോന്റെ ജൈത്രയാത്ര. പഠിക്കാനും പണിയെടുക്കാനും യുവാക്കൾ നാടുവിടാൻ മത്സരിക്കുമ്പോൾ, 70കളിൽ ഇന്ത്യയെ കണ്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ വഴിത്തിരിവ്. കോസ്റ്റൽ ഷിപ്പിംഗ് (Coastal shipping) എന്ന ആശയത്തിലൂടെ ആഭ്യന്തര ചരക്കുനീക്കം സുഗമവും നടപടിക്രമങ്ങൾ സുതാര്യവുമാക്കി ലോജിസ്റ്റിക്സ് മേഖലയിലെ അനന്തസാദ്ധ്യതകൾ രാജ്യത്തിനു മുന്നിൽ തുറന്നു. ശ്രീ ട്രാൻസ് വെയ്സ് ഗ്രൂപ്പിന്റെ അമരക്കാരൻ കാറ്റുംകോളും നിറഞ്ഞ ഓളപ്പരപ്പിലൂടെ സ്വന്തം സംരംഭത്തെ ഒട്ടേറെ തീരങ്ങളിലേക്കു നയിക്കുകയും നൂറുകണക്കിനു സംരംഭകർക്കു വഴികാട്ടിയാവുകയും ചെയ്തു. എല്ലാമുള്ള ഈ നാടിനെ കാണാതെ പോകുന്ന കുട്ടികൾ, മേനോന്റെ ഓർമ്മകളിലൂടെ എഴുപതുകളിലെത്തിയാൽ ഇന്നത്തെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരംകിട്ടും.
ജലാശയങ്ങൾ നിറഞ്ഞ രാജ്യത്ത് ആഭ്യന്തര ചരക്കുനീക്കം കപ്പൽ വഴിയാക്കാനുള്ള വിപ്ലവകരമായ ആശയം (കോസ്റ്റൽ ഷിപ്പിംഗ്) ആദ്യമായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത് മേനോനാണ്. ആവേശം പകരുന്ന അനുഭവങ്ങൾ അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് അപൂർവ പാഠങ്ങളാണ്.
ബിൽഡറായ അച്ഛൻ ജി. ശ്രീധരൻ പിള്ളയ്ക്കൊപ്പം കുടുംബം 1964ൽ മഹാരാഷ്ട്രയിലേക്കു ചേക്കേറിയതിനെ തുടർന്ന് പഠനം അവിടെയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം മുംബയിലും പുനെയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജിൽ ആർട്സുകാർക്ക് ഉച്ചവരെയായിരുന്നു ക്ലാസ്. കോളേജിനടുത്ത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പിൽ, പ്രശസ്ത ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയെ പരിചയപ്പെടുകയും അദ്ദേഹം സ്ഥാപനത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. ധാരാളം കാർഗോ ഇടപാടുകൾ നടന്നിരുന്ന അവിടെ, ഡോക്യുമെന്റേഷനും മറ്റും ഇടയ്ക്കൊന്നു സഹായിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. സമ്മതം മൂളിയത് ജീവിതത്തിലെ വഴിത്തിരിവായി. ഏത് ഉത്പന്നത്തിനാണ് ഏറ്റവും ഡിമാൻഡ്, എവിടെയാണ് ആവശ്യക്കാർ കൂടുതൽ, അതിനുള്ള കാരണം എന്തെല്ലാം തുടങ്ങിയ വിലപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. അവിടെ പാർട്ട് ടൈം ജോലിക്കുള്ള ഓഫർ നിരസിച്ചു. അച്ഛൻ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. നിർബന്ധം പിടിച്ചാൽ അച്ഛന്റെ കമ്പനിയിൽ ജോലി ചെയ്യാൻ പറയുമായിരുന്നു. ബിരുദം നേടിയശേഷം സഹോദരീ ഭർത്താവിന്റെ ലോജിസ്റ്റിക്സ് കമ്പനിയിൽ കുറച്ചുനാൾ ജോലി ചെയ്തശേഷം മഹാരാഷ്ട്ര കേന്ദ്രമായി സ്വന്തം സ്ഥാപനം തുടങ്ങി.
ഇതിനിടെ നാട്ടിലുമെത്തി. അപ്പോഴാണ് ഗുജറാത്തിലെ സാദ്ധ്യതകളെക്കുറിച്ച് അറിഞ്ഞത്. ഗുജറാത്തിലേക്കു കയറ്റുമതി ഉണ്ടായിരുന്നതിനാൽ അവിടേക്കൊരു മാറ്റം നന്നാകുമെന്നു തോന്നി. ഒരു ബിസിനസ് മീറ്റിംഗിൽ പരിചയക്കാരനായ ഗോയലിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ 400ലേറെ ശാഖകളുള്ള ആർ.ടി.സി എന്ന ട്രാൻസ്പോർട്ടിംഗ് സംരംഭത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. തന്റെ സ്ഥാപനത്തിന്റെ അടുത്തഘട്ട മുന്നേറ്റത്തിന്റെ ചുമതല ഏറ്റെടുത്തുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം ബിസിനസ് ഉള്ളതിനാൽ നിരസിച്ചെങ്കിലും വിടാൻ ഭാവമില്ലായിരുന്നു. ജോലിക്കാരനായല്ല, എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റുകൂടെ എന്ന ഓഫറുമായി അദ്ദേഹത്തിന്റെ വിശ്വസ്തൻ സമീപിച്ചു. സ്വന്തം സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം തന്റെ സ്ഥാപനത്തിന്റെ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കണമെന്ന ഗോയലിന്റെ ആവശ്യം അംഗീകരിച്ചു. വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ ഏകമകൻ യു.എസിൽ ആയിരുന്നു. അവിടെയിരുന്നാണ് കോസ്റ്റൽ ഷിപ്പിംഗിന് തുടക്കം കുറിച്ചത്.
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ലഘു ഉദ്യോഗ ഭാരതി സംസ്ഥാന കൺവീനർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നു.
അരികിലെ ഓളപ്പരപ്പിൽ
അകലം കുറഞ്ഞു
കപ്പലിൽ അടുത്തുള്ള തുറമുഖത്ത് ചരക്കെത്തിച്ച് അവിടെ നിന്ന് കണ്ടെയ് നറിൽ ലക്ഷ്യത്തിൽ എത്തിച്ചാൽ ചെലവു കുറയും. വെള്ളത്താൽ ചുറ്റപ്പെട്ട കേരളത്തിൽ ഇതിനു വൻ സാദ്ധ്യത. സുരക്ഷിതത്വം, കുറഞ്ഞ ചെലവ്, വേഗത്തിലുള്ള ചരക്കു നീക്കം, റോഡിലെ തിരക്ക് കുറയും തുടങ്ങിയവയാണ് അനുകൂല ഘടകങ്ങൾ. റോഡിലൂടെ മാത്രം കണ്ടെയ്നർ കൊണ്ടുവന്നിരുന്ന കാലത്ത് ഈ ആശയം മുന്നോട്ടുവച്ചപ്പോൾ കേന്ദ്രസർക്കാരും, തുറമുഖ അധികൃതരും അംഗീകരിച്ചില്ല. നിയമപരമായ തടസങ്ങൾ ഏറെയായിരുന്നു. വിദേശത്തുനിന്നുമെത്തുന്ന ചരക്ക് കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളിൽ ഇതു പ്രായോഗികമല്ലെന്നു കസ്റ്റംസ് അധികൃതരും വ്യക്തമാക്കി. വിദേശ-ആഭ്യന്തര ചരക്കുനീക്കം ഒരേ ഗേറ്റിലൂടെ പുറത്തേക്കു വിടാൻ പറ്റില്ലെന്നായിരുന്നു ന്യായം. പക്ഷേ, മേനോൻ നിരാശനായില്ല.
വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങളെ സമീപിച്ച് നേട്ടങ്ങൾ ബോദ്ധ്യപ്പെടുത്തി. അങ്ങനെ, വിൽപനനികുതി പരിശോധനാ സംവിധാനത്തോടെ രാജ്യത്ത് ആദ്യമായി കണ്ടെയ്നർ കൈമാറ്റത്തിന് തുറമുഖത്ത് അവസരമൊരുങ്ങി. എന്നാൽ സംസ്ഥാന സർക്കാരിന്റെ തടസങ്ങൾ പിന്നെയും ഉണ്ടായിരുന്നു. കള്ളക്കടത്ത് സാധനങ്ങൾ കടൽവഴി കൊണ്ടുവരാനാണെന്നു ധരിച്ചു. കൊണ്ടുവന്ന 28 കണ്ടെയ്നറുകൾ പിടിച്ചെടുത്തു. ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് തടസം നീങ്ങിയത്. കപ്പലിൽ ചരക്ക് എത്തിച്ചാൽ 40 ശതമാനം ഇന്ധനം ലാഭിക്കാം എന്നതടക്കമുള്ള കാര്യങ്ങൾ കോടതിക്കു ബോദ്ധ്യപ്പെട്ടു. അങ്ങനെ, ലോജിസ്റ്റിക്സ് രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് ഊർജം പകർന്ന അമരക്കാരൻ എന്ന അത്യപൂർവനേട്ടം സ്വന്തമാക്കി.
പിന്നീട് സ്വന്തം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വായ്പയ്ക്കായി പ്രമുഖ ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, വീട്ടിലെ ഒരു മുറി ഓഫീസാക്കി പ്രവർത്തനം തുടങ്ങി.
തകർന്നടിഞ്ഞ മണ്ണിൽ തുടക്കം
ഗുജറാത്തിലാണ് ഗ്യാസിന്റെ അണ്ടർഗ്രൗണ്ട് പൈപ്പ് ലൈൻ നിർമ്മിക്കുന്ന പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്നത്. ആ മേഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഗുജറാത്തിലേക്ക് അവസരങ്ങളുടെ കുത്തൊഴുക്കുണ്ടായ കാലമായിരുന്നു അത്. നരേന്ദ്രമോദിയെന്ന മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണവും നേതൃപാടവവും തിരിച്ചറിഞ്ഞകാലം. 2001ൽ ഗുജറാത്തിലെ കച്ചിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എല്ലാം തകർന്നടിഞ്ഞതിനുശേഷമുണ്ടായ സംസ്ഥാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സമാനതകളില്ല. മൂന്നു ലക്ഷത്തിലേറെ പേർ മരിച്ചു. വിവിധയിടങ്ങളിൽ നിന്ന് സഹായങ്ങൾ കിട്ടിയെങ്കിലും പുതിയൊരു വ്യവസായ നയം പ്രഖ്യാപിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് മോദി ആസൂത്രണം ചെയ്തത്. സംരംഭകരെ ക്ഷണിച്ചുവരുത്തി ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചു. കുറഞ്ഞവിലയ്ക്കു ഭൂമി നൽകുകയും അഞ്ചുവർഷം നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി നൽകി. ഇത് പത്തുവർഷത്തേക്കു നീട്ടി.
ചെറുതും വലുതുമായ നൂറുകണക്കിന് സംരംഭങ്ങൾ കച്ചിൽ തഴച്ചുവളർന്നു. മേനോന്റെ ശ്രീട്രാൻസ് വെയ്സ് ലോജിസ്റ്റിക്സ് അതിലൊന്നായി. പടർന്നുപന്തലിച്ച ഈ സ്ഥാപനം ഇന്നു കൈവയ്ക്കാത്ത മേഖലകളില്ല. കടൽമാർഗമുള്ള ആഭ്യന്തര കണ്ടെയ്നർ നീക്കം, റെയിൽ-റോഡ് വഴിയുള്ള ചരക്കു നീക്കം, ഓയിൽ ആൻഡ് ഗ്യാസ് പ്രോജക്ടുകൾ, സിറ്റി ഗ്യാസ് വിതരണ ശൃംഖല, സി.എൻ.ജി ട്രാൻസ്പോർട്ടിംഗ് എന്നിവ എല്ലാ സംസ്ഥാനങ്ങളിലും പന്തലിച്ചു. 400ലേറെ സ്ഥിരം ജീവനക്കാരുണ്ട്.
ഭാര്യ ജയശ്രീ എസ്. മേനോൻ ശ്രീട്രാൻസ്വേയ്സ് ലോജിസ്റ്റിക്സിന്റെ ഫിനാൻസ് ഡയറക്ടറാണ്. മക്കൾ: അഭിലാഷ് എസ്. മേനോൻ (സയിന്റിസ്റ്റ്), സിദ്ധാർത്ഥ് എസ്.മേനോൻ ( ഡയറക്ടർ, ശ്രീട്രാൻസ്വേയ്സ് ലോജിസ്റ്റിക്സ് ).
കമ്പനിയുടെ സേവനങ്ങൾ
1. പാർക്കിംഗ് മാനേജ്മെന്റ് ഒഫ് ഹെവി വെഹിക്കിൾ
2. മെറ്റീരിയൽ ഹാൻഡ്ലിംഗ്
3. ഡി.എം.എ/മീറ്റർ റീഡിംഗ്
4. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ
പ്രധാന പദ്ധതികൾ
ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ്-കൊച്ചി കൂറ്റനാട് ബംഗളൂരു മംഗളൂരു എൽ.എൻ.ജി പൈപ്പ്ലൈൻ പ്രോജക്ട്
കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭം
ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്. സിറ്റി ഗ്യാസ്
ഡിസ്ട്രിബ്യൂഷൻ പ്രോജക്ട്
ഗെയിൽ ഗ്യാസ് ലിമിറ്റഡ്-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പ്രോജക്ട്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. പരദീപ്-ഹൈദരാബാദ്
പൈപ്പ്ലൈൻ പ്രോജക്ട്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നൂർ-തൂത്തുക്കുടി
പൈപ്പ് ലൈൻ പ്രോജക്ട്
ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
ഗെയിൽ ഇന്ത്യ ഗ്യാസ് പൈപ്പ്ലൈൻ ആൻഡ് എക്വിപ്മെന്റ്
സ്റ്റോക് യാർഡ്
എച്ച്.പി.സി.എൽ എച്ച്.സി. എൽ.പി.ജി പൈപ്പ് ലൈൻ പ്രോജക്ട്
സേവനങ്ങൾ
വെയർഹൗസ് മാനേജ്മെന്റ്, സി.എൻ.ജി വിതരണം, സിറ്റി ഗ്യാസ് വിതരണം, സ്റ്റോക്ക് യാർഡുകൾ, ഗതാഗതം, ഹെവി മെറ്റീരിയൽ കൈകാര്യം ചെയ്യൽ, ഡയറക്ട് മാർക്കറ്റിംഗ് എജൻസികൾ, എൽപിജി ടാങ്കർ ട്രെയിലർ ടെർമിനൽ, കാർഗോ ട്രെയിൻ.
നാടാണ് ശാശ്വതം
ആർക്കും സംരംഭകരാകാൻ കഴിയുമെന്ന് എസ്. എസ്. മേനോൻ. വിദ്യാഭ്യാസമുള്ള കുട്ടികൾ നാടുവിടുന്നത് ദുഃഖകരമാണ്. ഒട്ടേറെ അവസരങ്ങൾ നാട്ടിലുണ്ട്. വിദേശത്ത് സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അതിൽ കൂടുതൽ നാട്ടിൽ സാധിക്കുമെന്നു തിരിച്ചറിയണം. വരുമാനവും അംഗീകാരവും കിട്ടുകമാത്രമല്ല, ധാരാളം പേർക്ക് തൊഴിൽ നൽകാനുമാകും. എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള നാടാണ് കേരളം. ഭാവിയിൽ വിദേശരാജ്യങ്ങളിലെ അവസരങ്ങൾ കുറയും. ഇന്ത്യയിൽ അവസരങ്ങൾ കൂടിവരികയാണ്. വിദേശികൾ അവസരംതേടി ഇന്ത്യയിലെത്തുന്ന കാലം വിദൂരമല്ലെന്നും വിശ്വസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |