ശ്രീനാരായണഗുരുവിന്റെയും സ്വാമി വിദ്യാനന്ദയുടെയും വാക്കുകളിലും ദർശനങ്ങളിലും കടുകിടവ്യത്യാസം വരുത്താതെ, ആധുനികകാലത്തെ ഉൾക്കൊണ്ട് മഠത്തെ നയിക്കുകയെന്ന നിഷ്കാമകർമ്മം അനുസ്യൂതം തുടരുകയാണ് സ്വാമി നിത്യചൈതന്യ യതി. ജാതിമത, ഭാഷാ, വർഗ, വർണ, രാജ്യ ഭേദമില്ലാതെ മഠത്തിന് പിന്നിൽ അണിനിരക്കുന്നവർക്കും ഒറ്റലക്ഷ്യം മാത്രം. ശ്രീനാരായണദർശനം ലോകമെങ്ങും എത്തിക്കുക.
ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ തമിഴ്നാട്ടിലെ തെങ്കാശി, ചെല്ലപ്പനഗറിലാണ് മഠത്തിന്റെ ആസ്ഥാനം. ഗുരുകുലസമ്പ്രദായത്തിൽ ഗുരുദേവദർശനങ്ങൾ പഠിപ്പിക്കലാണ് മഠം പ്രധാനമായി ചെയ്യുന്നത്. ദാർശനികതലത്തിൽ പഠനവും, പഠനത്തിലൂടെ പരിജ്ഞാനം പകർന്നു നൽകുമ്പോഴുമാണ് പ്രാർത്ഥനകൾ ധന്യമാകുന്നത്. സ്വാമി വിദ്യാനന്ദ നിർദ്ദേശിച്ചതു പ്രകാരം തയ്യാറാക്കിയ പാഠ്യപദ്ധതിയുണ്ട്. സ്ഥിരം ക്ളാസുകളും ഓൺലൈൻ ക്ളാസുകളും നടത്തുന്നുണ്ട്.
അദ്ധ്യാത്മികതയ്ക്കൊപ്പം ഗുരുദേവൻ മുന്നോട്ടുവച്ച ഭൗതിക അച്ചടക്കവും എല്ലാവരെയും പഠിപ്പിക്കണമെന്നാണ് മഠത്തിന്റെ കാഴ്ചപ്പാട്. സംഘടന വേണം, ശക്തിപ്പെടണം. വിദ്യ വേണം, അഭ്യസിക്കണം. വ്യവസായം കൊണ്ട് അഭിവൃദ്ധി. കൃഷി ചെയ്യണം. സാമൂഹികമായി വ്യക്തിക്കും കുടുംബത്തിനും നിലനിൽപ്പിനാവശ്യമായ ഭൗതികമായ മുന്നേറ്റത്തെ ഉറപ്പിച്ച് അദ്ധ്യാത്മികനേട്ടവും കൈവരിക്കുകയെന്ന ഗുരുദേവന്റെ മഹത്ദർശനങ്ങൾ അടിസ്ഥാനമാക്കിയാണ് മഠത്തിന്റെ പ്രവർത്തനങ്ങളെന്ന് സ്വാമി നിത്യചൈതന്യ പറഞ്ഞു. നിരവധി പദ്ധതികൾ മഠം നടപ്പാക്കുകയും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ആയുർവേദ പ്രചാരണം
നാല് ആയുർവേദ പദ്ധതികൾ തയ്യാറായിട്ടുണ്ട്. ഔഷധകൃഷി, ഉത്പന്നങ്ങൾ, വിപണനം, മെഡിക്കൽ കോളേജും ചികിത്സയും. ഔഷധകൃഷി, ഉത്പാദനം, വിപണനം എന്നിവ തൊഴിലധിഷ്ഠിതമാണ്. മെഡിക്കൽ കോളേജും ഗവേഷണ കേന്ദ്രവും പദ്ധതിയിലുണ്ട്. തെങ്കാശിയിൽ 200 ലേറെ ഏക്കർ സ്ഥലം കണ്ടെത്തി. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ശ്രീനാരായണദർശൻ വേൾഡ് പാർലമെന്റ്
ഭാരതീയ വേദാന്തം അധിഷ്ഠിതമായ ജനാധിപത്യ ഭരണസംവിധാനം സജ്ജമാക്കുക മഠത്തിന്റെ പദ്ധതിയാണ്. വേദാന്താധിഷ്ഠിതമായ യുവതലമുറയെ വളർത്തണം. അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതെ സമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഗുരുദേവദർശനം രാജ്യ ഭരണസംവിധാനത്തിലേയ്ക്കും പകരണം. ഇതിന് ശ്രീനാരായണദർശൻ വേൾഡ് പാർലമെന്റ് സജ്ജമാക്കും. സ്ഥലം കണ്ടെത്തി പാർലമെന്റ് സംവിധാനം ഒരുക്കും. സിവിൽ സർവീസ് അക്കാഡമി അതിന്റെ ഭാഗമായി ആരംഭിക്കും. ജാതിമതഭേദമില്ലാതെ നൂറുപേർക്ക് ഒരു ബാച്ചിൽ പ്രവേശനം നൽകും. സിവിൽ സർവീസ് പരിശീലനത്തിൽ ഒരു പാഠഭാഗം ശ്രീനാരായണഗുരുദേവ ദർശനമായിരിക്കും. പ്രിലിമിനറി പാസായി 10 ശതമാനം സിവിൽ സർവീസിൽ എത്തിയാൽ, അവർ മൂല്യബോധമുള്ളവരായിരിക്കും. അവർ ജനങ്ങളെയും പ്രശ്നങ്ങളെയും ഭരണസംവിധാനത്തെയും കരുണയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാകും. മറ്റു മേഖലകളിലേയ്ക്ക് പോകുന്ന 90 ശതമാനവും ശ്രീനാരായണ ഗുരുദേവ ദർശനം സൂക്ഷിക്കുമ്പോൾ ഭരണസംവിധാനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും.
ഇന്ത്യൻ ജനാധിപത്യത്തെ കാർന്നുതിന്നുന്ന അഴിമതി, സ്വജനപക്ഷപാതം, ജാതീയവും മതപരമായ വിവേചനം എന്നിവയില്ലാത്ത സമൂഹത്തിലേക്ക് മാറ്റുകയാണ് അടിസ്ഥാനലക്ഷ്യം. ഗുരുസന്ദേശങ്ങൾ സ്വീകരിച്ച് ഭരണക്രമത്തിൽ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ശ്രീനാരായണീയ പരിവാർ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ പത്തുദിവസം പാർലമെന്റ് സമ്മേളിക്കും. സിവിൽ സർവീസുകാർ മുതൽ അടിസ്ഥാന ജനവിഭാഗങ്ങൾവരെ സമൂഹത്തിന്റെ മുഴുവൻ മേഖലകളിലുമുള്ളവർ പാർലമെന്റിൽ പങ്കാളികളാകും. അവരിലൂടെ ഗുരുദർശനം ആധുനികകാലത്ത് എങ്ങനെ പ്രസക്തമാണ്, പ്രായോഗികമാണ് എന്നാകും ചർച്ച ചെയ്യുക. ഗുരുദർശനം അടിസ്ഥാനമാക്കി സമൂഹത്തെ എങ്ങനെ നയിക്കാമെന്ന ഗുണപരമായ ചിന്തകളും ചർച്ചകളുമാകും പാർലമെന്റിൽ നടക്കുക. ഗുരുദർശനം ശാസ്തീയമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും.ഭരണക്രമം മുകൾത്തട്ടിൽ നിന്നാണ് നന്നാവേണ്ടത്. സാധാരണക്കാർ മാതൃകയാക്കുന്നത് തന്നെക്കാൾ മുകളിലുള്ളവരെയാണ്. നന്മ, സാമൂഹികപ്രതിബദ്ധത തുടങ്ങിയവ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരിലും, അവിടെ എത്താൻ ശ്രമിക്കുന്നവരിലും എത്തിക്കുകയാണ് ലക്ഷ്യം. അതുവഴി സമൂഹത്തോട് കടപ്പാടുള്ളവരെ സൃഷ്ടിക്കാനാകും.
ദക്ഷിണേന്ത്യ കർമ്മരംഗം
മഹാരാഷ്ട്ര മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പ്രവർത്തനം വിപുലമാക്കാൻ മഠം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കർണാടകയിലെ ബംഗളൂരു ജയനഗറിൽ മഠത്തിന്റെ ഓഫീസ് തുറന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പദ്ധതി തയ്യാറാക്കിവരുകയാണ്. കന്നട സ്വദേശികളാണ് അതിനായി നടപടികൾ ഏകോപിപ്പിക്കുന്നത്. മാവേലിക്കര കൊട്ടാരത്തിന്റെ ഭാഗമായി അടൂരിലുള്ള കെട്ടിടം മഠത്തിന് ലഭിച്ചിട്ടുണ്ട്. അവിടം ധ്യാനകേന്ദ്രമാക്കി മാറ്റും. പഠനവും പഠിപ്പിക്കലുമാണ് മഠം ചെയ്യുന്നത്. പരമാവധി പേർക്ക് പഠിക്കാൻ സൗകര്യം നൽകും. അവരിലൂടെ രാജ്യത്തും വിദേശങ്ങളിലും ഗുരുദർശനം പ്രചരിപ്പിക്കപ്പെടണം.
ആധുനിക സാങ്കേതികവിദ്യകളെ ഗുരുദേവദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ വൈകാതെ പുറത്തിറക്കും. മഠത്തിന്റെ പ്രവർത്തനങ്ങൾ, ഗുരുദേവദർശനം, പ്രഭാഷണങ്ങൾ, കൃതികൾ തുടങ്ങിയവ ആപ്പിൽ ഉൾപ്പെടുത്തും. മഠത്തെയും ഗുരുദേവനെയും അറിയാനും പഠിക്കാനും പിന്തുടരാനും കഴിയുന്നതാണ് ആപ്പ്. പ്രാഥമികജോലികൾ ആരംഭിച്ചു. മഠത്തിന്റെ വെബ്സൈറ്റിലൂടെയും ഗുരുദർശനവും കാഴ്ചപ്പാടുകളും അവതരിപ്പിക്കും. ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ നടരാജഗുരു ആരംഭിച്ച 'ധർമ്മം" എന്ന പ്രസിദ്ധീകരണം 'ഗുരുധർമ്മം" എന്നപേരിൽ പുന:പ്രസിദ്ധീകരിക്കും. മലയാളം, തമിഴ് ഭാഷകൾ ഒരുമിച്ചുള്ളതാണ് പ്രസിദ്ധീകരണം. പിന്നീട് ഇംഗ്ളീഷും ഹിന്ദിയും ഉൾപ്പെടുത്തും.
സ്വാമി വിദ്യാനന്ദ സ്മാരകം
സ്വാമി വിദ്യാനന്ദയുടെ സ്മാരകം തെങ്കാശിയിൽ സ്ഥാപിക്കും. 2026 ഫെബ്രുവരി 10ന് സ്വാമിയുടെ ഒന്നാം സമാധിദിനത്തിൽ സ്മാരകം തുറക്കും. ബ്രഹ്മവിദ്യാലയം, ഗുരുദേവക്ഷേത്രം, പ്രാർത്ഥനാലയം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സ്മാരകം. തമിഴ്ജനതയെ മൃഗബലി പോലുള്ള അനാചാരങ്ങളിൽ നിന്ന് പിന്മാറ്റാനും കഴിയുന്ന പ്രവർത്തനവും നടത്തും.
2026 ഫെബ്രുവരി 10 മുതൽ ഒരുവർഷം തമിഴ് സമൂഹത്തിൽ പ്രചാരണം നടത്തും. അയ്യായിരം ഗ്രാമങ്ങളിൽ ഗുരുദേവ സന്ദേശങ്ങൾ എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. തുടർന്ന് പോണ്ടിച്ചേരി, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ഗ്രാമങ്ങളിലും പ്രചാരണം നടത്തും. തമിഴ് ഗ്രാമങ്ങളിൽ ക്യാമ്പുകൾ ഉൾപ്പെടെ ചികിത്സാപദ്ധതികളും നടപ്പാക്കും. ഗ്രാമങ്ങളിൽ സൗജന്യചികിത്സ ലഭ്യമാക്കും. സൗജന്യ വിദ്യാഭ്യാസ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലെ അഞ്ചു കുട്ടികൾക്ക് വീതമെങ്കിലും ഉന്നതപഠനത്തിന് സൗകര്യം ഒരുക്കിനൽകാനുള്ള സാദ്ധ്യത വിനിയോഗിക്കും.
സ്വാമി വിദ്യാനന്ദയുടെ സ്മരണയ്ക്ക് കേരളത്തിൽ പദ്ധതി നടപ്പാക്കും. അദ്ദേഹത്തിന്റെ പിതാവിന്റെ വീട് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലും അമ്മവീട് അടൂർ പറക്കോട്ടുമാണ്. ഇലന്തൂരിനും പറക്കോടിനുമിടയിൽ നടപ്പാക്കാനുള്ള പദ്ധതി ആലോചനാഘട്ടത്തിലാണ്. ശിവഗിരിമഠം ഉൾപ്പെടെ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കേരളത്തിൽ മറ്റു പദ്ധതികളില്ല. സ്വാമി വിദ്യാനന്ദ ഏല്പിച്ച ദൗത്യപ്രകാരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഗുരുദേവദർശനം പ്രചരിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുക.
ശിവഗിരി ദിവ്യപാദം
ശിവഗിരിമഠവുമായി പൊക്കിൾക്കൊടി ബന്ധമാണ് തുടരുന്നതെന്ന് സ്വാമി നിത്യചൈതന്യ പറഞ്ഞു. ശിവഗിരിയിലെ സ്വാമിമാർ ആരാദ്ധ്യരായ ഗുരുക്കന്മാരാണ്. സ്വാമി സച്ചിതാനന്ദ, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. വത്തിക്കാനിൽ നടത്തിയ സമ്മേളനം, ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാനം ചെയ്ത സമ്മേളനം തുടങ്ങിയവ അന്താരാഷ്ട്രതലത്തിൽ ശിവഗിരിമഠത്തിന് ശ്രദ്ധയും പ്രാധാന്യവും നൽകുന്നതാണ്. മനസുകൊണ്ട് എപ്പോഴും ശിവഗിരമഠത്തിനൊപ്പമാണ് ഞങ്ങൾ. മഠം ആവശ്യപ്പെടുന്ന കാര്യങ്ങൾ നിർവഹിച്ചുകൊടുക്കാൻ എപ്പോഴും സന്നദ്ധവും സന്തോഷവുമാണ്.
ശ്രീ.ശ്രീ. രവിശങ്കറെ സന്ദർശിച്ചു
ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ.ശ്രീ. രവിശങ്കറുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും സ്വാമി നിത്യചൈതന്യയ്ക്ക് അവസരം ലഭിച്ചു. ബംഗളൂരുവിലെ രവിശങ്കറിന്റെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. നാരായണഗുരുദർശനം പ്രചരിപ്പിക്കുന്നയാളല്ലേ, കാണണം എന്നാണ് രവിശങ്കർ പറഞ്ഞത്. ഗുരുദർശനങ്ങളെക്കുറിച്ച് ഒരു മണിക്കൂറോളം രവിശങ്കർ കേട്ടിരുന്നു. ഗുരുദേവൻ രചിച്ച പുസ്തകങ്ങൾ അദ്ദേഹം സ്വീകരിച്ചു.
സന്യാസിയായ പൊതുപ്രവർത്തകൻ
പൂർവാശ്രമത്തിൽ വിദ്യാർത്ഥികാലം മുതൽ സംഘടനാപ്രവർത്തനം സ്വാമി നിത്യചൈതന്യയുടെ ജീവിതഭാഗമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു. സംഘർഷാത്മകമായ മനസായിരുന്നു അന്ന്. അത് സന്യാസത്തിലേയ്ക്കുള്ള യാത്രയാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിതാവ് പദ്മനാഭൻ സന്യാസം സ്വീകരിച്ചിരുന്നു. ശിവഗിരിമഠവുമായി ബന്ധപ്പെട്ടത് സന്യാസമാണ് തന്റെ നിയോഗമെന്ന തിരിച്ചറിവ് സമ്മാനിച്ചതായി സ്വാമി പറഞ്ഞു. മുതിർന്ന സന്യാസിയും ബ്രഹ്മവിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയുമായ സ്വാമി വിദ്യാനന്ദയുമായി പരിചയപ്പെട്ടു. ആരാദ്ധ്യനായ ഗുരുവായി മാറി. അപ്പോഴും സന്യാസം മനസിലുണ്ടായിരുന്നില്ല. 2010 ഓടെ അദ്ദേഹവുമായി ആത്മീയമായി കൂടുതൽ അടുത്തു. മാനസികസംഘർഷങ്ങൾ ലഘൂകരിക്കാൻ സ്വാമിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കരുത്തായി. ഗുരുദർശനത്തിന്റെ സമ്പൂർണതയെക്കുറിച്ച് സ്വാമി വിദ്യാനന്ദ സംസാരിച്ചു. സങ്കീർണമായ എല്ലാ മനസുകൾക്കും ശാന്തി പകരാൻ കഴിയുന്ന ദർശനമാണ് ഗുരുദേവന്റേതെന്ന് അദ്ദേഹം പഠിപ്പിച്ചു. സന്യാസത്തിലേയ്ക്ക് തിരിയാൻ വഴിതെളിച്ചത് സ്വാമി വിദ്യാനന്ദ പകർന്ന അറിവുകളാണ്. സ്വാമി വിദ്യാനന്ദ തെങ്കാശിയിൽ സ്ഥാപിച്ച മഠത്തിലെ ബ്രഹ്മവിദ്യാലയത്തിലെ ആദ്യബാച്ചിൽ പഠനം ആരംഭിച്ചു. എട്ടുപേർ എട്ടുവർഷത്തിലധികം പഠിച്ചു. ദീക്ഷ ലഭിച്ചത് സ്വാമി നിത്യചൈതന്യയ്ക്ക് മാത്രമാണ്. 2021ൽ സന്യാസദീക്ഷ ലഭിച്ചു.
തെങ്കാശിയിൽ തുടരാൻ സ്വാമി വിദ്യാനന്ദ നിർദ്ദേശിച്ചതിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഗുരുദേവന്റെ ചെങ്കോട്ട തെങ്കാശി യാത്ര നൂറുവർഷം പിന്നിടുന്ന ഘട്ടത്തിലായിരുന്നു ദൗത്യം. യാത്രയുടെ സ്മാരകം വേണമെന്ന കാഴ്ചപ്പാടാണ് നിമിത്തമായത്. ആടിമാസത്തിലെ മുപ്പത് ദിവസം ഗുരുദേവൻ കുറ്റാലം ശിവക്ഷേത്രത്തിലാണ് ചെലവഴിച്ചിരുന്നത്. ഗുരുദേവന്റെ സ്മാരകമെന്ന നിലയിലാണ് തെങ്കാശിയിൽ മഠം സ്ഥാപിച്ചത്. ശ്രീ.ശ്രീ ദക്ഷിണ മൂകാംബിക എന്നാണ് സ്ഥാപിച്ചപ്പോൾ മഠത്തിന് പേരിട്ടത്. ശിവഗിരി ശാരദാദേവിയെ ധ്യാനിച്ചാണ് ദക്ഷിണ മൂകാംബിക എന്ന പേരിട്ടത്. ഗുരുദേവന്റെ പേരുകൂടി ചേർക്കണമെന്ന് സ്വാമി വിദ്യാനന്ദ ആഗ്രഹിച്ചു. ശ്രീനാരായണ ഗുരുകുലം എന്നുകൂടി ചേർത്തു. സ്വാമി വിദ്യാനന്ദയുടെ സമാധിക്ക് ശേഷം ദക്ഷിണ മൂകാംബിക ദക്ഷിണകാശി വിദ്യാനന്ദഗിരിമഠം ശ്രീനാരായണ ഗുരുകുലം എന്ന് പേരുമാറ്റി. ഹൈന്ദവർ മാത്രമല്ല, ക്രൈസ്തവരും മുസ്ളീങ്ങളും ഉൾപ്പെടെ മഠത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. ട്രസ്റ്റിമാരിൽ എല്ലാവിഭാഗങ്ങളുമുണ്ട്. എല്ലാവരുടെയും കരുത്ത് ശ്രീനാരായണസന്ദേശങ്ങളാണ്.
ലോകം അറിയണം
ഗുരുദേവനെ
ലോകത്തിന് മുഴുവൻ മാർഗദർശിയും വെളിച്ചവുമാണ് ഗുരുദേവദർശനങ്ങൾ. അദ്ദേഹത്തിന്റെ ദർശനവും ജീവിതവും ലോകം മുഴുവൻ അറിയേണ്ടതാണ്. വേൾഡ് പാർലമെന്റ് വഴി ഗുരുദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കുക മഠത്തിന്റെ ലക്ഷ്യവും ദൗത്യവുമാണ്. ഗുരുദേവദർശനങ്ങൾ ദൈനംദിന ജീവിതത്തിലും തൊഴിലിലും ഏറ്റെടുക്കുന്ന ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ദൗത്യം. വിദേശികൾക്ക് ഒരുവർഷത്തെ പഠനത്തിന് അവസരമുണ്ടാകും. പഠിച്ചവർക്ക് അവരുടെ രാജ്യത്ത് ഗുരുദർശനങ്ങൾ പഠിപ്പിക്കാനും ആചരിക്കാനും സൗകര്യം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |