SignIn
Kerala Kaumudi Online
Sunday, 12 October 2025 11.10 AM IST

വെറുമൊരു സാധാരണ രോഗമല്ല, 3000 കുട്ടികൾക്ക് ബാധിച്ചു: കേരളത്തിലെ ഈ ജില്ലയിൽ ദുരിതം ഇരട്ടിച്ചു

Increase Font Size Decrease Font Size Print Page
kannur

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പകർച്ചവ്യാധികളും കണ്ണൂരിൽ തലപൊക്കുകയാണ്. ജില്ലയിലെ ആരോഗ്യമേഖലയിൽ പകർച്ചവ്യാധികളുടെ കടന്നാക്രമണത്തിൽ ദുരിതം ഇരട്ടിച്ചു. മുണ്ടിനീർ, സീസണൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിങ്ങനെ ഒന്നിലധികം രോഗങ്ങൾ ഒരേസമയം വ്യാപിക്കുന്ന സാഹചര്യം. വാക്സിൻ പിൻവലിച്ചതിന്റെ ദുഷ്ഫലവും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും, ആരോഗ്യസംവിധാനത്തിലെ പോരായ്മകളും ചേർന്ന് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുണ്ടിനീര് വ്യാപനം

2025ൽ ഇതുവരെ മാത്രം ജില്ലയിൽ 3,000-ൽ അധികം കുട്ടികളെ മുണ്ടിനീർ ബാധിച്ചിട്ടുണ്ട്. 2024ൽ ഈ സംഖ്യ 12,000 ആയിരുന്നു. സംസ്ഥാനത്തൊട്ടാകെ 23,642 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണ ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ മാത്രം കണ്ടുവരുന്ന രോഗം ഇപ്പോൾ മഴക്കാലത്തും വ്യാപിക്കുന്നുണ്ട്. ഒരു ദിവസം നൂറുകണക്കിന് കുട്ടികൾ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ട് . സ്വകാര്യ ആശുപത്രികളിലെത്തുന്നവരടക്കം കണക്കാക്കുമ്പോൾ സംഖ്യ വീണ്ടും കൂടും. അങ്കണവാടികളിലും സ്‌കൂളുകളിലുമാണ് രോഗം അതിവേഗം പടരുന്നത്. പല അങ്കണവാടികളും രോഗവ്യാപനത്താൽ അടച്ചിടേണ്ട സ്ഥിതിയുമുണ്ട്.

മുണ്ടിനീര് വെറുമൊരു സാധാരണ രോഗമല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചില കുട്ടികൾക്ക് ഒരു ചെവിയുടെ കേൾവിശേഷി പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. രോഗത്തിന്റെ ഗുരുതരമായ പ്രശ്നങ്ങൾ വൈകി കണ്ടെത്തിയതാണ് ദുരിതത്തിന് കാരണം. ചിലരി ൽ ശരീരത്തിന്റെ ഒരുഭാഗം തളർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നു.
മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ അവയവങ്ങളെയും ബാധിക്കും. പ്രാരംഭദശയിൽ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത വരെയുണ്ടാകാം. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന മാരകാവസ്ഥ സംജാതമാകും.

വാക്സിൻ പിൻവലിച്ച ദുരന്തം

2017ന് മുമ്പ് അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ സൗജന്യമായി ലഭ്യമായിരുന്നു. എന്നാൽ 2017 മുതൽ കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷൻ പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്തു. മുണ്ടിനീർ ഗുരുതര രോഗമല്ലെന്നും വാക്സിന് 100 ശതമാനം പ്രതിരോധശേഷിയില്ലെന്നും വിലയിരുത്തിയായിരുന്നു തീരുമാനം. പകരം മീസിൽസ്, റുബെല്ല എന്നിവക്കെതിരായ എം.ആർ വാക്സിൻ മാത്രം തുടർന്നു. ഈ തീരുമാനത്തിന്റെ ഫലമായി മുണ്ടിനീർ വ്യാപനം ആശങ്കാജനകമായി ഉയർന്നു. സ്വകാര്യ മേഖലയിൽ വാക്സിനുണ്ടെങ്കിലും സർക്കാർ തലത്തിൽ ഇത് ലഭ്യമല്ല. സൗജന്യ വാക്സിൻ വീണ്ടും നൽകണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തോട് ഉന്നയിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. സ്വന്തം നിലയ്ക്ക് വാക്സിൻ എത്തിക്കാൻ സംസ്ഥാനം തയ്യാറാകണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.

രോഗികളുടെ എണ്ണം കൂടമ്പോഴും ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമവും രൂക്ഷമാണ്. പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മതിയായ ഡോക്ടർമാരില്ലെന്ന പരാതിയാണ് പൊതുവായുള്ളത്. രണ്ട് ഡോക്ടർമാരുടെ സേവനം അനിവാര്യമായ സി.എച്ച്.സികളിൽ ഒരു ഡോക്ടറുമായി മാത്രമാണ് പ്രവർത്തനം. അതിനാൽ ഉച്ചവരെ മാത്രമാണ് ഒ.പി. ഉച്ചകഴിഞ്ഞ് എത്തുന്നവർ ചികിത്സ ലഭിക്കാതെ മടങ്ങേണ്ട ദുരവസ്ഥയാണ്.

പിടിവിടാതെ സീസണൽ പനിയും

മഴക്കാലത്തിന് ഇടവേള വന്നെങ്കിലും മഴക്കാലരോഗങ്ങൾക്ക് യാതൊരു ഇടവേളയുമില്ല. പനി, ജലദോഷം, കഫക്കെട്ട് എന്നിവയാൽ ദിവസവും നൂറുകണക്കിന് ആളുകൾ ആശുപത്രികളിലെത്തുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ മാത്രം 4,147 പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 500 പേരാണ് പനിക്ക് ചികിത്സ തേടുന്നത്. ഒരു വീട്ടിലെ ഒരാൾക്ക് പനി ബാധിച്ചാൽ കുടുംബാംഗങ്ങൾ മുഴുവനും രോഗികളാകുന്ന സാഹചര്യമാണ്. കുട്ടികളിൽ കഫക്കെട്ട് വ്യാപകമാണ്. പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്.

2025ൽ ഇതുവരെ 200 പേർക്കാണ് ജില്ലയിൽ എലിപ്പനി ബാധിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഒക്ടോബർ 17ന് മാത്രം എട്ടപേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. പേരാവൂർ, ഇരിട്ടി, മുഴക്കുന്ന്, കൊട്ടിയൂർ, ചപ്പാരപ്പടവ്, നടുവിൽ തുടങ്ങിയ മലയോര മേഖലകളിലാണ് എലിപ്പനി പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. മലയോരത്തിന് പുറമേ കണ്ണൂർ കോർപറേഷൻ പരിധിയിലെ പുഴാതി,അഴീക്കോട്, എളയാവൂർ, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകളനുസരിച്ച് ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം വർദ്ധിച്ചിട്ടുണ്ട്. 2025ൽ ഇതുവരെ 3,200 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മേയ് മുതൽ ആഗസ്ത് വരെ ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചെങ്കിലും നിലവിൽ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടയിൽ തലശേരി, പിണറായി, കോടിയേരി, കണ്ണൂർ കോർപറേഷൻ, കൂടാളി, ആന്തൂർ, ചെമ്പിലോട്, അഴീക്കോട് എന്നിവിടങ്ങളിൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയോരത്ത് രോഗവ്യാപനം താരതമ്യേന കുറവാണ്.

കാലാവസ്ഥാ വ്യതിയാനം: അദൃശ്യ വില്ലൻ

കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവചിക്കാനാകാത്ത കാലാവസ്ഥാ മാറ്റങ്ങൾ രോഗാണുക്കളുടെ വ്യാപനത്തിന് അനുകൂലമാകുന്നു. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് രോഗപകർച്ച വർദ്ധിപ്പിക്കുന്നത്. പനി ഭേദമാകാതെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന പ്രവണതയും രോഗം പടരുന്നതിന് കാരണമാകുന്നു.

മാസ്‌ക് ധരിക്കുന്നതിലൂടെ രോഗവ്യാപനം ഗണ്യമായി തടയാൻ സാധിക്കുമെങ്കിലും മിക്കവരും ഇതിന് തയ്യാറാകുന്നില്ല. ആശുപത്രി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലയിലെ പല സ്‌കൂളുകളും കുട്ടികളോട് മാസ്‌ക് ധരിച്ചുവരാൻ നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തര നിർദേശങ്ങൾ

പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടുക
രോഗലക്ഷണങ്ങളുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കരുത്
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക
വീട്ടിൽ ശുചിത്വം പാലിക്കുക
എലിപ്പനി സാദ്ധ്യതയുള്ള മേഖലകളിൽ അധിക ജാഗ്രത പാലിക്കുക
 കൊതുക് വ്യാപനം തടയുക

പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ മുണ്ടിനീർ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. കേന്ദ്രസർക്കാർ നടപടിയെടുക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് എം.എം.ആർ വാക്സിൻ ലഭ്യമാക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം. അല്ലാത്തപക്ഷം ആരോഗ്യപ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

TAGS: KERALA, KANNUR, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.