പറവൂർ: തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കാതെ വാട്ടർ അതോറിട്ടി. നാല് പതിറ്റാണ്ടുകൾ പഴക്കമുള്ള 400 എം.എം പ്രീമോ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ കൂടുതൽ ശക്തിയിൽ പമ്പിംഗ് നടത്തുമ്പോൾ പൈപ്പുകൾ പൊട്ടുന്നു. ഇതിനാൽ അകലെയുള്ള പ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ല. പൈപ്പുകൾ പൊട്ടുന്നത് കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നു.
2023ൽ കുടിവെള്ള ചാർജ് കൂട്ടിയതിനുശേഷം ഇരട്ടിയിലധികം വരുമാനം വാട്ടർ അതോറിട്ടിക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ അതോറിട്ടിക്ക് പദ്ധതികളൊന്നുമില്ല. നിലവിലുള്ള പൈപ്പുകൾക്ക് പുറമെ പ്രധാന മേഖലകളിലേക്ക് പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുക മാത്രമാണ് ശാശ്വത പരിഹാരം.
വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് മേഖലകളിൽ ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ല. മിക്കവരും കുടിക്കാനുള്ള വെള്ളം പണം കൊടുത്തു വാങ്ങുകയാണ്. മറ്റ് ആവശ്യങ്ങൾക്ക് ഉപ്പ് കലർന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. പൈപ്പ് പൊട്ടാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ മർദ്ദത്തിൽ പമ്പ് ചെയ്യുന്നില്ല, കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ചൊവ്വരയിലും പറവൂർ പമ്പ് ഹൗസിലുമുണ്ടായ വൈദ്യുതിത്തടസവുമാണ് ഇതിന് കാരണമെന്ന് വാട്ടർ അതോറിട്ടി അധികൃതരുടെ പക്ഷം.
പൈപ്പ് നന്നാക്കാൻ കോടികൾ
പറവൂർ സബ് ഡിവിഷനിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 340 സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. പത്തും ഇരുപതും പ്രാവശ്യം ഓരോ സ്ഥലത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി കരാറുകാർക്ക് നൽകിയത് 84.47 ലക്ഷം രൂപയാണ്.
വരുമാനം ഇരട്ടിയായി
201617ൽ 4.67 കോടി രൂപയാണ് പറവൂർ സബ് ഡിവിഷനിൽ കുടിവെള്ള ചാർജ് ഇനത്തിൽ ലഭിച്ചത്. 202425ൽ 16.25 കോടി രൂപയാണ് ലഭിച്ചത്. ഒരു വർഷത്തെ വരുമാനത്തിൽ കൂടുതൽ കുടിശിക ലഭിക്കാനുണ്ട്. ഇവയിൽ കൂടുതലും തദ്ദേശ സ്ഥാപനങ്ങളുടെതാണ്. 2019ൽ 2.48 കോടി രൂപയാണ് കുടിശികയെങ്കിൽ 2025ൽ 21.41 കോടി രൂപയാണുള്ളത്.
ജലമോഷണം കുറഞ്ഞു
കടുത്ത പിഴയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെ പറവൂർ സബ് ഡിവിഷന്റെ കീഴിൽ ജലമോഷണം കുറഞ്ഞു. 2018ൽ മുപ്പത്തിനാലും 2019ൽ ഇരുപത്തിയെട്ടും മോഷണങ്ങൾ ഉണ്ടായപ്പോൾ 2025ൽ എട്ട് ജലമോഷണമാണ് പിടികൂടിയത്.
വെള്ളം മറ്റ് പഞ്ചായത്തുകൾ കൊണ്ടുപോകുന്നു
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് പറവൂർ, വൈപ്പിൻ തീരദേശമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപ്പിലാക്കിയതാണ് ചൊവ്വര കുടിവെള്ള പദ്ധതി. ചൊവ്വരയിൽ ശുദ്ധീകരിച്ച വെള്ളം 900 എം.എം. പൈപ്പിലൂടെ പറവൂർ പമ്പ് ഹൗസിലെത്തുന്നത്. എന്നാൽ പൈപ്പ്‌ലൈൻ കടന്നുവരുന്ന പ്രദേശത്തെ പഞ്ചായത്തുകൾ പൈപ്പുകളിൽനിന്ന് വെള്ളമെടുക്കുന്നുണ്ട്. ഇതിനാൽ ആവശ്യത്തിന് വെള്ളം പറവൂർ പമ്പ് ഹൗസിൽ എത്തുന്നില്ല.
പറവൂർ ഡിവിഷന്റെ കീഴിലുള്ള പറവൂർ മുനിസിപ്പാലിറ്റി, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, വൈപ്പിൻ മേഖലയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലേക്കാണ് പമ്പ് ചെയ്യുന്നത്.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ പ്രദേശത്തെ എല്ലാ വീടുകളിലും കണക്ഷൻ നൽകിയിട്ടുണ്ട്. ഒരു ദിവസം 150 ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. 100 ലക്ഷം ലിറ്ററിന് താഴെയാണ് വെള്ളമെത്തുന്നത്. നിരവധി സ്ഥലങ്ങളിൽ വലിയ ലീക്കുകളുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതിലൂടെ പാഴാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |