കൊച്ചി: സ്വർണനിക്ഷേപ പദ്ധതിയിൽ നൽകിയ 39 ലക്ഷം രൂപ നഷ്ടപ്പെട്ടതായി തോപ്പുംപടി സ്വദേശി നൽകിയ പരാതിയിൽ എറണാകുളം എം.ജി റോഡിൽ പ്രവർത്തിച്ചിരുന്ന വെങ്കിടേഷ് നായിക് ജുവലറിയുടെ ഉടമകൾക്കെതിരെ വഞ്ചനക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതായി പൊലീസ് അറിയിച്ചു. ട്വയിൻ ഗോൾഡ് പ്ലാൻ എന്ന പേരിൽ ജുവലറി നടത്തിയ നിക്ഷേപ പദ്ധതിയിലാണ് തോപ്പുംപടി സ്വദേശിക്ക് പണം നഷ്ടപ്പെട്ടത്.
5000 രൂപ വീതം 24 മാസം നിക്ഷേപിച്ചാൽ 1.20 ലക്ഷം രൂപയ്‌ക്ക് തുല്യമായ സ്വർണം നൽകുമെന്നായിരുന്നു വാഗ്ദാനം. മൂന്ന് കൊല്ലം കഴിഞ്ഞ് പിൻവലിച്ചാൽ നിക്ഷേപിച്ച പണത്തിന്റെ മൂല്യത്തിനുള്ള സ്വർണത്തിന്റെ 5 ശതമാനം അധികം നൽകും എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഇതു വിശ്വസിച്ച് 2011 മുതൽ 2018വരെ 7.80 ലക്ഷം രൂപയാണ് പരാതിക്കാരൻ നിക്ഷേപിച്ചത്. നിക്ഷേപം തീർന്നപ്പോൾ 485.682 ഗ്രാം സ്വർണത്തിന് തുല്യമായ സർട്ടിഫിക്കറ്റ് ജുവലറി നൽകിയിരുന്നു. എന്നാൽ പണവും സ്വർണവും നൽകാതെ സ്ഥാപനം അടച്ചുപൂട്ടി ഉടമകൾ പോയതോടെയാണ് പരാതി നൽകിയത്. സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ രവിനാഥ് മോഹൻദാസ്, അനുപമ രവിനാഥ്, ആദിത്യ രവിനാഥ് എന്നിവർക്കെതിരെയാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |