തിരുവനന്തപുരം : ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടിയ്ക്ക് ശുപാർശ. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമാതോടെയാണ് മേലുദ്യോഗസ്ഥർ നടപടിയ്ക്ക് ശുപാർശ ചെയ്തത്. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സി.പി.ഒ ശരത്താണ് മദ്യലഹരിയിൽ എത്തിയത്. ഇന്നലെ ഡ്യൂട്ടിയിൽ നിന്ന് ഇയാളെ മാറ്റി നിറുത്തി. സസ്‌പെൻഡ് ചെയ്യാനാണ് സാദ്ധ്യത.
ഞായർ രാത്രിയാണ് ഗവർണർ വന്ദേഭാരതിൽ തിരുവനന്തപുരത്ത് എത്തിയത്. ഇദ്ദേഹത്തെ രാജ്ഭവനിലേക്ക് കൊണ്ടുപോകുന്ന റൂട്ടിലെ റൈഫിൾ ഡ്യൂട്ടിയിലാണ് ശരത്തിനെ നിയോഗിച്ചത്. അകമ്പടി വാഹനത്തിൽ കയറുന്ന സമയം ഒപ്പമുള്ളവർക്ക് സംശയം തോന്നി. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സി.ഐയാണ് സി.പി.ഒ മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് വൈദ്യപരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചത്. തുടർന്ന് ശരത്തിനെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി മദ്യപിച്ചതായി കണ്ടെത്തി. ഉടൻ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു. പകരം മറ്റൊരാളെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |