
ലക്‌നൗ: തിരക്കേറിയ റോഡിലൂടെ വിശ്രമമില്ലാതെ പായുന്നവരാണ് ഡെലിവറി ബോയ്സ്. അവരുടെ ഓരോ യാത്രകളിലും നല്ലതും ചീത്തയുമായ പല വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നുള്ള ഒരു ഡെലിവറി ബോയ് നേരിട്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ലക്‌നൗവിലുള്ള വ്‌ളോഗറും ഡെലിവറി ബോയിയുമായ രോഹിത് എന്ന യുവാവാണ് താൻ അനുഭവിച്ച വേറിട്ട അനുഭവത്തെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പാലും ബ്രെഡും അടങ്ങിയ ഓർഡർ എത്തിക്കാനായി രോഹിത് നിശ്ചിത സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ ആരെയും കാണാത്തതിനെ തുടർന്ന് കസ്റ്റമറെ ഫോണിൽ വിളിച്ചു.
ഒരു യുവതിയായിരുന്നു ഫോൺ എടുത്തത്. ആ പരിസരത്ത് കുറച്ച് തെരുവുനായ്ക്കൾ ഇരിക്കുന്നത് കാണുന്നില്ലേ എന്ന് രോഹിത്തിനോട് യുവതി ചോദിച്ചു. താൻ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നും കൃത്യസമയത്ത് അവിടെയെത്താൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു. അവിടെ നായ്ക്കൾക്ക് ഭക്ഷണം നൽകാനായി പാത്രങ്ങൾ വച്ചിട്ടുണ്ടെന്നും അതിൽ പാലും ബ്രെഡും പൊട്ടിച്ച് നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
അവരുടെ നിർദ്ദേശപ്രകാരം രോഹിത് കൈയിലിരുന്ന പാലും ബ്രെഡും പാക്കറ്റുകൾ തുറന്ന് അവിടെയുണ്ടായിരുന്ന നായ്ക്കൾക്ക് വിളമ്പിക്കൊടുത്തു. രോഹിത് പാക്കറ്റ് പൊട്ടിക്കുന്നത് കണ്ടതോടെ നായ്ക്കൾ അദ്ദേഹത്തിന് ചുറ്റും കൂടി ഭക്ഷണം കഴിക്കുന്ന കാഴ്ച വീഡിയോയിൽ കാണാം. യുവതി ഓർഡർ നൽകിയത് തെരുവുനായ്ക്കൾക്ക് വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും രോഹിത് വീഡിയോയിൽ പറയുന്നുണ്ട്.
ദൃശ്യങ്ങൾ വൈറലായതോടെ ഡെലിവറി ബോയിയെയും യുവതിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പലരും യുവതിയുടെ പ്രവൃത്തിയെ 'ഹാറ്റ്സ് ഓഫ് മാഡം' എന്നാണ് വിശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |