ഗാസിയാബാദ്: പാസ്‌പോർട്ടിനെച്ചൊലിയുള്ള തർക്കത്തിനിടെ യുവാവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.11 വയസുള്ള മകളുടെ മുന്നിലാണ് കൊലപാതകം നടന്നത്. മറ്റൊരു മകൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു. പ്രതി വികാസ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വികാസും ഭാര്യ റൂബിയും ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ വികാസ് ഭാര്യ റൂബിയോട് പാസ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതികൾക്കിടയിൽ തർക്കമായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യക്ക് നേരെ വികാസ് വെടിയുതിർത്തശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടിലെ അടുക്കളയിൽ രക്തംവാർന്ന് കിടന്നിരുന്ന റൂബിയെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാസിയാബാദിലെ സമ്പന്നർ മാത്രം താമസിക്കുന്ന അജ്നാര ഇന്റഗ്രിറ്റിയിലേക്ക് ഒരു വർഷം മുൻപാണ് ഇവർ താമസം മാറിയത്. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും വികാസ് മാസങ്ങളോളം വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് പതിവായിരുന്നെന്നും പൊലീസ് പറയുന്നു. റൂബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വികാസിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |