വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്ന് ഓട്ടം വിളിച്ച് വിഴിഞ്ഞത്തെത്തിച്ച മിനിലോറി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. മാർത്താണ്ഡം ഉന്നംകടെെ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ് (38), കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്‌വിൻ(42) എന്നിവരെയാണ് ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച ലോറി പൊളിച്ച നിലയിലായിരുന്നു.എഡ്വിന്റെ ഗോഡൗണിൽ നിന്നും ലോറിയുടെ ചെയ്സും തമിഴ്നാട്ടിലെ ആക്രിക്കടയിൽ നിന്നും പൊളിച്ചു മാറ്റിയ ഭാഗങ്ങളും പൊലീസ് കണ്ടെത്തി.
തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിന്റെ(35) ഉടമസ്ഥതയിലുള്ള ലോറിയാണ് കഴിഞ്ഞ11ന് രാത്രി വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നും തട്ടിക്കൊണ്ടുപോയത്.വിഴിഞ്ഞത്ത് നിന്ന് വലയും എൻജിനും തൂത്തുക്കുടിയിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് രാജേഷാണ് ലോറി വിഴിഞ്ഞത്തേക്ക് വിളിച്ചുവരുത്തിയത്.വാഹനവുമായി വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിലെത്തിയപ്പോൾ ഡ്രൈവറോട് ഭക്ഷണം കഴിച്ചുവരാൻ ആവശ്യപ്പെട്ടു.ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം ഡ്രൈവർക്ക് മനസിലായതെന്ന് പൊലീസ് പറഞ്ഞു.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.ഒന്നാം പ്രതി രാജേഷ് അടൂരിലും തമിഴ്നാട്ടിലും രണ്ട് വാഹനമോഷണക്കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി എഡ്വിൻ വാഹനം പൊളിച്ച് വില്പനയും പുനർവില്പനയും നടത്തുന്നയാളാണ്.
ആസൂത്രണം പാളി
തമിഴ്നാട്ടിൽ വച്ച് ലോറി മോഷ്ടിച്ചാൽ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്നുറപ്പിച്ചാണ് വാഹനം വിഴിഞ്ഞത്തെത്തിച്ച് തട്ടിപ്പ് നടത്താൻ ആസൂത്രണം ചെയ്തത്.വിഴിഞ്ഞത്ത് നിന്നും മോഷണം പോയാൽ കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം നടത്തില്ലെന്ന ധാരണയായിരുന്നു. എന്നാൽ മോഷ്ടിച്ച് 2 ദിവസത്തിനകം പ്രതികൾ വലയിലായി.ഡാൻസാഫ് സംഘത്തിനൊപ്പം വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത്,എസ്.സിപി.ഒ വിനയകുമാർ,സി.പി.ഒ റജിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
എ.ഐ.സാങ്കേതികവിദ്യയും
വിഴിഞ്ഞം മുതൽ തമിഴ്നാട് വരെ 60ഓളം സി.സി.സി.ടി.വി ക്യാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്.പ്രതി ജ്യൂസ് കുടിക്കാൻ കയറിയ കടയിൽ നിന്ന് ലഭിച്ച ദൃശ്യം വ്യക്തമല്ലാത്തതിനാൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തത വരുത്തി. വാഹനവുമായി പ്രതികൾ 15 കിലോമീറ്ററോളം ചുറ്റിയാണ് രണ്ടാം പ്രതിയുടെ ഉണ്ണമക്കടൈയിലെ ഗോഡൗണിലെത്തിയത്.പ്രധാന റോഡിൽ നിന്ന്150 മീറ്റർ ഉള്ളിലേക്ക് ലോറി കയറിയ ദൃശ്യവുമായി നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |