കൊടുമൺ : പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ലോംഗ് ജമ്പിൽ സ്വർണ്ണമെഡൽ നേടിയ ഏർവിൻ നൈനാൻ രാജ്യത്തിനു വേണ്ടി തന്റെ മക്കൾ സ്വർണ്ണ മെഡൽ നേടണം എന്ന പിതാവ് ഏബ്രഹാം മാത്യുവിന്റെ സ്വപ്‍നം സാക്ഷാത്കരിക്കാനുള്ള ജൈത്രയാത്രയിലാണ്. "സ്പോർട്സ് ഒന്നാമത് പഠനം രണ്ടാമത് " എന്നതാണ് കായിക താരങ്ങളായ മക്കൾക്ക് പിതാവ് ജീവിതത്തിൽ നൽകിയ ഉപദേശം. ഏഴാം ക്ലാസ് മുതൽ എർവിൻ കായിക മത്സരങ്ങളിൽ സജീവമാണ്. തന്റെ സ്ക്കൂൾ പഠനകാലത്ത് ആഗ്രഹമുണ്ടായിട്ടും സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലയെന്നും വർഷങ്ങൾക്കിപ്പുറം മക്കൾ കായിക രംഗത്ത് മുന്നേറുമ്പോൾ അഭിമാനമുണ്ടെന്നും ഏബ്രഹാം മാത്യു പറഞ്ഞു. ഏർവിന്റെ സഹോദരൻ എറിക്ക് മാത്യു ഏബ്രഹാം ജില്ലാ അണ്ടർ 23 ക്രിക്കറ്റ് ടീം അംഗമാണ്. 110 മീറ്റർ ഹർഡിൽസിലും എർവിൻ പങ്കെടുക്കുന്നുണ്ട്. എർവിൻ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിയാണ്. മുൻ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യനായ ജിജു സാമുവലിന്റെ സെന്റ് ജോൺസ് എസ്.എ.എസ് അക്കാദമിയിലാണ് എർവിൻ കായിക പരിശീലനം നടത്തുന്നത്. ഓതറ തെക്കേതിൽ സുനി നൈനാനാണ് എർവിന്റെ മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |