തിരുവനന്തപുരം: പഴയ പത്രക്കടലാസുപയോഗിച്ച് പ്രിയതമന് നിർമ്മിച്ചു സമ്മാനിച്ച പാവ ഇത്രവേഗം ഹിറ്രാകുമെന്ന് ലാവണ്യ പ്രതീക്ഷിച്ചിരുന്നില്ല. പാവകൾ വൈറലായതിനു പിന്നാലെ തമിഴ്നാടിന്റെ ബെസ്റ്റ് വുമൺ ഡോൾ മേക്കർ അവാർഡും ലാവണ്യയെ തേടിയെത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ് കാബിൻക്രൂവായിരുന്ന ലാവണ്യ, ഇതോടെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ ഏവിയേഷൻ,ആർട്ട് ആൻഡ് ക്രാഫ്റ്റ്,ഫാഷൻ ഡിസൈനിംഗ് ട്രൈനറുമായി.
ഫാഷൻ ഡിസൈനിംഗിൽ ബിരുദമുള്ള ലാവണ്യ ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്കിൽ സജീവമായിരുന്നു. സ്വന്തമായുണ്ടാക്കുന്ന കരകൗശലവസ്തുക്കൾ ഇടയ്ക്കിടെ ഭർത്താവ് മഹേഷിന് സമ്മാനിക്കും. ഒരു ദിവസം ലാവണ്യ കരുതിവച്ചത് ന്യൂസ് പേപ്പർകൊണ്ടുള്ള പാവ. പ്രസവം അടുത്തിരിക്കെ പുറത്തുപോയി നിർമ്മാണസാധനങ്ങൾ വാങ്ങാൻ കഴിയാതെ വന്നപ്പോഴാണ് കടലാസ്‌വിദ്യ പരീക്ഷിച്ചത്. മഹേഷിന് അതിഷ്ടമായി. അതോടെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള നിരവധി പത്രപ്പാവകൾ പിറന്നു. കോയമ്പത്തൂർ സ്വദേശിയായ ലാവണ്യ 10 വർഷമായി കഴക്കൂട്ടത്താണ് താമസം. മകൾ: മൃദുലയ.
നിറം നൽകാൻ അക്രിലിക് പെയിന്റ്
കടലാസ് ആദ്യം സ്ട്രോ രൂപത്തിൽ ഉരുട്ടും. ഗ്ളൂ ഉപയോഗിച്ച് തമ്മിൽ ഒട്ടിച്ചുചേർക്കും. നിറം നൽകാൻ അക്രിലിക് പെയിന്റാണ് ഉപയോഗിക്കുക. ക്ഷമയും ഏകാഗ്രതയും ആവശ്യമാണിതിന്. ക്യുല്ലിംഗ് ഡോൾസും ലാവണ്യ നിർമ്മിക്കാറുണ്ട്. ഒന്നു മുതൽ രണ്ട് അടി വരെയാണ് പാവകളുടെ ഉയരം. എത്രകാലം വേണമെങ്കിലും കേടുകൂടാതിരിക്കും.
വില 1000 രൂപവരെ
ലേഡി ഡോൾ,മെയിൽ ഡോൾ,ചിൽഡ്രൻ ഡോൾ തുടങ്ങി നിരവധിയിനം പാവകളുണ്ട്. ആവശ്യക്കാർ പറയുന്ന രീതിയിൽ അത് ചെയ്തുനൽകും. 300 മുതൽ 1000 രൂപവരെയാണ് വില. അതിനുമേൽ വിലയാവുന്നവയുമുണ്ട്.
ഭർത്താവിന് സർപ്രൈസ് നൽകണമെന്നു മാത്രമാണ് പത്രപ്പാവകളുടെ നിർമ്മാണത്തിന് പിന്നിലുണ്ടായിരുന്നത്. അത് ഇത്രയും ഹിറ്റാകുമെന്ന് വിചാരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |