ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കടലിന്റെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യം കുടുങ്ങി. രാമേശ്വരം തുറമുഖത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കാണ് ഡൂംസ് ഡേ ഫിഷെന്ന പേരിലും അറിയപ്പെടുന്ന ഈ അപൂർവ്വ മത്സ്യം ലഭിച്ചത്. മാന്നാർ ഉൾക്കടലിൽ നിന്ന് മടങ്ങുമ്പോഴാണ് മത്സ്യം വലയിൽ കുടുങ്ങിയത്.
വെളുത്ത നിറത്തിൽ റിബൺ പോലുള്ള ശരീരമുള്ള ഈ മത്സ്യം സമുദ്രോപരിതലത്തിൽ നിന്ന് 656 മുതൽ 3200 അടി വരെ ആഴത്തിലാണ് കാണപ്പെടുന്നത്. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങി പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന അവസരങ്ങളിലാണ് സമുദ്രോപരിതലത്തിൽ എത്തുന്നതെന്നാണ് വിശ്വാസം. 2011ൽ ഫുക്കുഷിമയിൽ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ട് വർഷങ്ങളിൽ ധാരളമായി ഓർ മത്സ്യങ്ങൾ തീരത്ത് എത്തിയത് അതിന് തെളിവായി കണക്കാക്കപ്പെടുന്നു. 2017ൽ ഫിലിപ്പീൻസിൽ ഉണ്ടായ ഭൂകമ്പത്തിന് മുൻപും രണ്ട് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞതായി കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ് ഓർ മത്സ്യങ്ങൾ തീരത്ത് എത്തുന്നതെന്ന വിശ്വാസമുണ്ടെങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇല്ല.
1928 മുതൽ 2011 വരെയുള്ള ഭൂകമ്പങ്ങളും ഓർ മത്സ്യങ്ങളും തമ്മിൽ ബന്ധമില്ലെന്നും പഠനങ്ങൾ പറയുന്നുണ്ട്. സമുദ്ര ജല പ്രവാഹങ്ങളിലെ മാറ്റങ്ങൾ, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അസുഖങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഈ മത്സ്യം സമുദ്രോപരിതലത്തിൽ എത്താമെന്ന് പഠനങ്ങൾ പറയുന്നു.
എന്നാൽ, കടലിന്റെ ഉൾഭാഗത്ത് ജീവിക്കുന്ന പല ജീവി വർഗങ്ങളും തുടർച്ചയായി കടലിന്റെ ഉപരിതലത്തിൽ എത്തുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഈ വർഷം ജൂണിലും ഇത്തരത്തിൽ ഓർ മത്സ്യം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |