ജനപ്രിയ എഐ അധിഷ്‌ടിത പ്രോഗ്രാമായ ചാറ്റ് ജിപിടിയിൽ അഡൾട്ട് കണ്ടന്റുകൾ വരാൻ പോകുന്നു. ഡിസംബർ മാസത്തോടെ ഈ പുതിയ വേർഷൻ മുതിർന്ന ഉപയോക്താക്കളിലേക്ക് എത്തിക്കും എന്നാണ് സൂചന. ഇതടക്കം ഇളവ് വരുത്തി വിവിധ പദ്ധതികൾ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ലൈംഗിക ഉള്ളടക്കമുള്ള ലഭിക്കാൻ ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് കൃത്യമായ പ്രായ പരിശോധന വേണ്ടിവരും. ചാറ്റ് ജിപിടിയെ ഉപയോക്താക്കൾക്ക് ഇഷ്‌ടത്തിനനുസരിച്ച് വ്യക്തിഗതമാക്കുന്നതിന് കമ്പനി ശ്രമിക്കുകയാണ്.
മുതിർന്ന ഉപയോക്താക്കളെ മുതിർന്നവരെ പോലെ കാണുക എന്ന നയമനുസരിച്ചാണ് അഡൾട്ട് കണ്ടന്റ് അനുവദിക്കുന്നത്. നാളിതുവരെ ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം കമ്പനി നടപ്പാക്കിയിരുന്നു. പുതിയ തീരുമാനം പ്രായ പരിശോധന നടത്തിയാകുമെന്ന് സാം ആൾട്ട്‌മാൻ വ്യക്തമാക്കിയെങ്കിലും അത് എങ്ങനെയാണ് തിരിച്ചറിയുകയെന്ന് വ്യക്തമല്ല. പ്രായപൂർത്തിയാകാത്തവരിൽ അഡൾട്ട് കണ്ടന്റുകൾ എത്താതിരിക്കാൻ എന്താണ് ചെയ്യുകയെന്നും സൂചനയില്ല. ചാറ്റ്ജിപിടിയുമായി ഇടപഴകുന്ന ആളുടെ പ്രായം 18ന് മുകളിലോ താഴെയോ എന്നറിയാൻ സാങ്കേതികവിദ്യ കമ്പനി വികസിപ്പിക്കുന്നതായാണ് വിവരം.
നിലവിൽ അഡൾട്ട് കണ്ടന്റ് ഉപയോക്താക്കൾക്ക് നൽകുന്ന ആദ്യ എഐ അസിസ്‌റ്റന്റ് അല്ല ചാറ്റ് ജിപിടി. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എഐയിൽ ഇത്തരം എഐ കമ്പാനിയനുകളുണ്ട്. ഇറോട്ടിക് ഫീച്ചർ ചാറ്റ് ജിപിടി കൊണ്ടുവരുന്നതോടെ പല ആശങ്കകളും ഉയരുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ മാനസിക പ്രശ്‌നമുള്ളവരോ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് നിയന്ത്രണം കടുപ്പിച്ചത് ഈ വർഷമാണ്.
അമേരിക്കയിൽ കാലിഫോർണിയയിൽ ആദം റെയ്‌ൻ എന്ന കുട്ടി ആത്മഹത്യ ചെയ്‌തതിനെ തുടർന്നായിരുന്നു ഇത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്ന് ചാറ്ര്‌ജിപിടി കുട്ടിക്ക് ഉപദേശം നൽകി എന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപണമുയർത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഉപയോക്താവ് മാനസികമായി പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ അത് അറിയാൻ ഓപ്പൺ എഐയ്‌ക്ക് സംവിധാനങ്ങളുണ്ട്. ഇതിനൊപ്പം എഐ വെൽനസ് കൗൺസിലും ഓപ്പൺ എഐയുടേതായി തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |