പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് സൂര്യപ്രകാശം പ്രധാനപ്പെട്ട ഘടകമാണ്. ശാസ്ത്രവിഷയങ്ങളിൽ സൂര്യപ്രകാശത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠിച്ചിട്ടുണ്ടാകുമല്ലോ? പ്രകാശസംശ്ലേഷണം പോലെ സസ്യങ്ങളിൽ നടക്കുന്ന രാസമാറ്റങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതും സൂര്യപ്രകാശമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയിൽ നേരിട്ട് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയുന്നുവെന്ന പഠനങ്ങൾ പുറത്തുവന്നു. ബനാറസ് ഹിന്ദുസർവകലാശാല, പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, ഇന്ത്യയിലെ കാലാവസ്ഥ വകുപ്പ് എന്നിവിടങ്ങളിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ മാറ്റം സ്ഥിരീകരിച്ചത്.
ഇന്ത്യയിലുടനീളം ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 'ലോംഗ് ടേം ട്രെൻഡ്സ് ഇൻ സൺഷൈൻ ഡ്യൂറേഷൻ എക്രോസ് ഇന്ത്യ (1988-2108)' എന്ന പഠനത്തിലാണ് നിർണായക വിവരങ്ങളുളളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ സമയപരിധി ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുൻപ് ലഭിച്ചതിനേക്കാൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ സൂര്യപ്രകാശം ലഭിക്കുന്നത്.
വടക്കേ ഇന്ത്യാ സമതലങ്ങളിലാണ് സൂര്യപ്രകാശ ദൈർഘ്യത്തിൽ ഏറ്റവും കുറവ് സംഭവിക്കുന്നതെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. വർഷം കടന്നുപോകുന്തോറും ഏകദേശം 13 മണിക്കൂറാണ് കുറയുന്നത്. ഹിമാലയൻ മേഖല, പടിഞ്ഞാറൻ തീരം, ഡെക്കാൻ പീഠഭൂമി എന്നിവയുൾപ്പെടെ മറ്റുപ്രദേശങ്ങളിലും സൂര്യപ്രകാശത്തിൽ കുറവ് അനുഭവപ്പെടുന്നു. 1988നും 2018നുമിടയിൽ ഇന്ത്യയുടെ ഒട്ടുമിക്കഭാഗങ്ങളിലും ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ ദൈർഘ്യം കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി.
വടക്കേ ഇന്ത്യയിലെ സമതലങ്ങളിൽ ഏകദേശം 13 മണിക്കൂറും, ഹിമാലയത്തിൽ 9.5 മണിക്കൂർ, പടിഞ്ഞാറൻ തീരത്ത് 8.6 മണിക്കൂർ, മദ്ധ്യ ഇന്ത്യയിൽ 4.7 മണിക്കൂർ, ഡെക്കാൻ പീഠഭൂമിയിൽ ഏകദേശം മൂന്ന് മണിക്കൂർ എന്നിങ്ങനെ പ്രതിവർഷം സൂര്യപ്രകാശത്തിന്റെ ദൈർഘ്യത്തിൽ കുറവ് രേഖപ്പെടുത്തി. എന്നാലിതിന് വിപരീതമായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവസ്ഥ. ഈ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിലുണ്ടായ കുറവു കാരണമായിരിക്കാം സൂര്യപ്രകാശദൈർഘ്യത്തിൽ കുറവ് സംഭവിക്കാതിരുന്നത്.
ഒക്ടോബർ മുതൽ മേയ് വരെയുളള കാലയളവിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും മൺസൂൺ മാസങ്ങളിൽ ഇത് കുറയുന്നുണ്ടെന്നും കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉയരവും കാറ്റിന്റെ ദിശയും അടിസ്ഥാനമാക്കി ഹിമാലയത്തിലും വടക്കൻ പ്രദേശങ്ങളിലും വിപരീത പ്രവണതയാണുളളത്.
കാരണം
ഇന്ത്യയിൽ വായു മലിനീകരണം കൂടുന്നതുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്. വ്യാവസായിക പുക, വാഹനങ്ങളിൽ നിന്ന് പുറന്തളളപ്പെടുന്ന പുക തുടങ്ങിയവ അന്തരീക്ഷത്തിൽ ദീർഘനേരം തങ്ങിനിൽക്കുന്നു. ഇത് സൂര്യരശ്മികൾ നേരിട്ട് ഭൂമിയിലെത്തുന്നതിന് മുൻപ് തന്നെ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ മൺസൂൺ സമയത്ത് ആകാശം മേഘാവൃതമാകുന്നതും ഭൂമിയിലെത്തുന്ന സൂര്യപ്രകാശം കുറയുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുളള മലിനീകരണത്തിലൂടെ അന്തരീക്ഷത്തിലെ വായുവിലെ സൂക്ഷ്മകണങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇവ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയോ ചിതറിപ്പിക്കുകയോ ചെയ്യുന്നു. ഇതോടെ സൂര്യപ്രകാശത്തിന്റെ നല്ലൊരു ഭാഗം ഭൂമിയിൽ നേരിട്ട് പതിക്കാത്ത അവസ്ഥയുണ്ടാകും. ഈ പ്രക്രിയ സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുകയും ദൃശ്യപരത, താപനില, പ്രാദേശിക കാലാവസ്ഥ, ആരോഗ്യം എന്നിവയെ ബാധിക്കുകയും ചെയ്യും.
ബാധിക്കുന്നത്
ഇത് പല പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ സൗരോർജത്തെ ആശ്രയിച്ച് ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി പദ്ധതികളുണ്ട്. ഇത് ഊർജോത്പാദനത്തെ സാരമായി ബാധിക്കും. സൂര്യപ്രകാശത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ കാർഷികമേഖല മുന്നോട്ടുപോകുന്നത്. ഇത് ഉൽപ്പാദനക്ഷമതയെ ബാധിക്കും. കൂടാകെ പ്രാദേശിക താപനില, ഈർപ്പം, മഴ എന്നിവയിലും മാറ്റം വരും.
ശാസ്ത്രജ്ഞർ പറയുന്നത്
സൂര്യപ്രകാശത്തിന്റെ ദൈർഘ്യത്തെക്കുറിച്ചുളള പഠനം വെറും ഒരു കാലാവസ്ഥാ സ്ഥിതിവിവരക്കണക്കല്ലെന്നും, അത് വായുവിന്റെ ഗുണനിലവാരം, ഊർജശേഷി, പരിസ്ഥിതയുടെ സന്തുലിതാവസ്ഥ എന്നിവയുടെ സൂചകമാണെന്നും ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു. സൂര്യപ്രകാശത്തിന്റെ കുറവ് അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കാനും കാരണമാകും. മുൻകരുതലെടുത്തില്ലെങ്കിൽ പ്രശ്നം സങ്കീർണമാകാനും സാദ്ധ്യതയുണ്ട്. ഈ അവസ്ഥ തുടർന്നാൽ ഇന്ത്യയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിൽ വലിയ കുറവ് സംഭവിക്കാനും ഇടയാകും.
പരിഹാരം
ആകാശത്ത് തുടർച്ചയായി നിലനിൽക്കുന്ന മൂടൽമഞ്ഞ് അടിയന്തരമായി നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. വായു മലിനീകരണം കുറയ്ക്കാനാവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം സങ്കീർണമാകാം. അന്തരീക്ഷ വായുവിന്റെ ശുദ്ധത നിലനിർത്തുക, മെച്ചപ്പെട്ട ഭൂവിനിയോഗം, തുടർച്ചയായ ഗവേഷണങ്ങൾ എന്നിവയിലൂടെ സൂര്യപ്രകാശത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |