സിഡ്നി : കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലുമായി നാലുസ്വർണമെഡലുകളും മൂന്ന് വെള്ളിയും ഒരു വെങ്കലവുടക്കം എട്ടുമെഡലുകൾ വാരിക്കൂട്ടിയ ഓസ്ട്രേലിയൻ വനിതാ നീന്തൽതാരം അര്യാൻ ടിറ്റ്മസ് വിരമിച്ചു. ടെർമിനേറ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അര്യാൻ 25-ാം വയസിലാണ് നീന്തൽക്കുളങ്ങളോട് വിടപറയുന്നത്. പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി മത്സരിക്കാനിറങ്ങിയത്. ശാരീരികപ്രശ്നങ്ങൾ കായികരംഗത്ത് തുടരുന്നത് മാനസികമായിക്കൂടി ബുദ്ധിമുട്ടിച്ചുതുടങ്ങിയതോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ആര്യാൻ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.
ഒൻപത് ലോകചാമ്പ്യൻഷിപ്പ് മെഡലുകളും എട്ട് കോമൺവെൽത്ത് ഗെയിംസ് മെഡലുകളും ഉൾപ്പടെ 33 അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള താരമാണ് അര്യാൻ.
ടോക്യോ ഒളിമ്പിക്സിൽ 200 മീറ്റർ, 400 മീറ്റർ ഫ്രീ സ്റ്റൈലുകളിൽ സ്വർണം നേടി. 800 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളിയും 4-200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ വെങ്കലവും സ്വന്തമാക്കി.
പാരീസ് ഒളിമ്പിക്സിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിലും 4-200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലും സ്വർണം. 200,800 മീറ്റർ ഫ്രീ സ്റ്റൈലുകളിൽ വെള്ളി.
1964 ഒളിമ്പിക്സിൽ ഡാൺ ഫ്രേസറിന് ശേഷം തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ ഒരേയിനത്തിൽ സ്വർണം നേടുന്ന ആദ്യ ഓസ്ട്രേലിയൻ നീന്തൽ താരമാണ് അര്യാന.
200 മീറ്റർ ഫ്രീസ്റ്റൈലിൽ നിലവിലെ ലോകറെക്കാഡിന് ഉടമയാണ് അര്യാന. 400 മീറ്റർ ഫ്രീ സ്റ്റൈലിലെ അര്യാനയുടെ ലോകറെക്കാഡ് അടുത്തിടെയാണ് കനേഡിയൻ താരം സമ്മർ മകിൻടോഷ് തിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |