ഭോപ്പാൽ: ക്ലാസ് സമയത്ത് കുട്ടികൾ പുറത്ത് കളിക്കുകയാണോ എന്ന് ചോദിച്ചെത്തിയ മാദ്ധ്യമപ്രവർത്തകന് സ്കൂളിൽ നേരിടേണ്ടി വന്നത് മർദനം. ചോദ്യം ചോദിച്ചതിന് പ്രകോപിതയായ അദ്ധ്യാപികയാണ് മാദ്ധ്യമപ്രവർത്തകനെ ചെരിപ്പൂരി അടിച്ചത്. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലെ ശാസ്കീയ പ്രൈമറി സ്കൂളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അദ്ധ്യാപികയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകൻ തന്നെയാണ് പകർത്തിയത്. വീഡിയോയിൽ കുട്ടികൾ ക്ലാസിൽ കയറാതെ പുറത്ത് നിന്ന് കളിക്കുന്നത് കാണാം. മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന അദ്ധ്യാപികയുടെ അടുത്തേക്ക് ചെന്ന് മാഡം നിങ്ങളുടെ കുട്ടികൾ എന്തുകൊണ്ടാണ് പുറത്ത് കറങ്ങുന്നതെന്ന് ഇയാൾ ചോദിക്കുകയായിരുന്നു. ഉത്തരം പറയുന്നതിന് പകരം ടീച്ചർ രോഷാകുലയായിട്ടാണ് മറുപടി നൽകിയത്.
ഉടൻ തന്നെ കാലിലെ ചെരുപ്പൂരി ടീച്ചർ ഭീഷണി മുഴക്കി. 'ഞാൻ ചെരിപ്പുരിയടിക്കും.' മുന്നറിയിപ്പിന് പിന്നാലെ അവർ മാദ്ധ്യമപ്രവർത്തകനെ അടിച്ചു. അടിക്കരുതെന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തകൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ധ്യാപിക ആക്രമണം തുടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ ഇടപെടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. മർദനത്തിനിടെ അദ്ധ്യാപിക മര്യാദയില്ലാതെ സംസാരിക്കുകയാണെന്ന് മാദ്ധ്യമ പ്രവർത്തകൻ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. അടിച്ചാൽ തിരിച്ചടിക്കുമെന്നും യുവാവ് മുന്നറിയിപ്പ് നൽകി.
സംഭവത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകൻ പ്രദേശത്തെ സ്ത്രീകളുമായി സംസാരിച്ചു. സ്കൂൾ സമയത്ത് അദ്ധ്യാപിക പഠിപ്പിക്കാറില്ലെന്നും കുട്ടികളെ പുറത്ത് കളിക്കാൻ വിടാറാണ് പതിവെന്നും ഇവർ ആരോപിച്ചു. താൻ ചോദ്യം ചെയ്തതിൽ തെറ്റുണ്ടോ എന്നും യുവാവ് ഗ്രാമവാസികളോട് അന്വേഷിച്ചു. മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ ചോദ്യം ചോദിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അക്രമത്തിലേക്ക് തിരിയുന്നതിന് പകരം അദ്ധ്യാപിക ശാന്തമായി മറുപടി നൽകേണ്ടതായിരുന്നു എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
Kalesh b/w Teacher and Journalist over journalist complaint about no classes (Context in the Clip) pic.twitter.com/je43dKZcyz
— Ghar Ke Kalesh (@gharkekalesh) October 15, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |