
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കലിന് ഇന്നും ശമനമില്ല. തിങ്കളാഴ്‌ച രാവിലെയും സ്ഥിതി തുടരുന്നതോടെ തുടർച്ചയായി ഏഴാം ദിവസമാണ് രാജ്യത്തെ വിമാനയാത്രക്കാർ ദുരിതത്തിലാകുന്നത്. വിമാനങ്ങൾ തടസപ്പെടാനോ വൈകാനോ ഇടയുണ്ടെന്ന് ഡൽഹി എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇന്നലെ മാത്രം ഇൻഡിഗോ 650 ഫ്ളൈറ്റുകളാണ് ക്യാൻസൽ ചെയ്‌തത്. ഇതിനുമുൻപ് ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ വരെ 610 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തു.
കൊച്ചിയിൽ നിന്നുള്ള സർവീസുകളും മുടങ്ങി.മുംബയിൽ നിന്നുള്ള 112 സർവീസും ഡൽഹിയിൽ നിന്നുള്ള 109 സർവീസും ഇതിൽ ഉൾപ്പെടുന്നു. 1650 സർവീസുകൾ നടത്തി. റദ്ദാക്കൽ, റീഫണ്ട് എന്നിവ സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ സിവിൽ വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകി.
ഇതിനിടെ 138 ലക്ഷ്യസ്ഥാനങ്ങളിൽ 135ലേക്കും സർവീസ് നടത്തുന്നുണ്ടെന്നും 95%ത്തിലധികം കണക്‌ടിവിറ്റി പുനഃസ്ഥാപിച്ചെന്നും ഇൻഡിഗോ അറിയിച്ചു. ഡിസംബർ 15 വരെയുള്ള എല്ലാ ബുക്കിംഗുകൾക്കും പൂർണ റീഫണ്ട് നൽകും. വിമാന റദ്ദാക്കലും കാലതാമസവും നേരിട്ടുതുടങ്ങിയ ദിവസം തന്നെ ഡയറക്ടർ ബോർഡ് ചേർന്നെന്നും പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് മാനേജ്‌മെന്റ് വിശദമായ വിശദീകരണം നൽകിയെന്നും ഇൻഡിഗോ പത്രക്കുറിപ്പിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |