ആലപ്പുഴ: വീട്ടിൽ വില്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച സൈനികൻ അറസ്റ്റിൽ. കഞ്ചാവ് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 1.115 കിലോ കഞ്ചാവുമായി സൈനികനായ കരുവാറ്റ തെക്ക് സന്ദീപ് ഭവനത്തിൽ സന്ദീപ് കുമാർ (29) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകളും പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് വാങ്ങാനെത്തിയ കരുവാറ്റ തെക്ക് കൃഷ്‌ണ വീട്ടിൽ ഗോകുൽ (27), ശങ്കരവിലാസത്തിൽ ജിതിൻ കുമാർ (29), മനീഷ് ഭവനത്തിൽ മിഥുൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യൻ സൈന്യത്തിൽ രാജസ്ഥാനിലാണ് സന്ദീപ് ജോലി ചെയ്യുന്നത്. അവധിക്ക് നാട്ടിലെത്തുമ്പോൾ ഇയാൾ കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിൽ നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. പിന്നീടിത് ചില്ലറ വില്പന നടത്തുകയാണ് ചെയ്യുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |