ഹരിപ്പാട്: മുറുക്കിത്തുപ്പിയതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെട്ടുവേനി സ്വദേശി ദിൽകുമാർ (52) എന്നയാളെ ഹരിപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ പന്തളം സ്വദേശി സജീവ് (54) വണ്ടാനം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുങ്കുളം റോഡിന് സമീപമാണ് സംഭവം. രക്തം വാർന്നു കിടക്കുകയായിരുന്ന സജീവിനെ കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്ന സജീവ് മുറുക്കിത്തുപ്പിയത് ദിൽകുമാർ ചോദ്യം ചെയ്തതാണ് തർക്കത്തിനും കത്തിക്കുത്തിനും കാരണമായതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സജീവ് ചെരുപ്പ് കുത്തുന്ന ജോലിയാണ് ചെയ്യുന്നതെന്നും ഇയാൾ പലരോടും വഴക്കിന് പോകാറുണ്ടെന്നും അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു.സംഭവം നടന്ന ഉടൻതന്നെ ഒളിവിൽപോയ ദിൽകുമാറിനെ വെട്ടുവേനിയിൽ നിന്നാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |