കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് കാട്ടാന ശല്യം. ഇവ വനമേഖലയിൽ ജീവിക്കുന്ന മനുഷ്യർക്ക് എപ്പോഴും ഭീഷണിയാണ്. എന്നാൽ, പലപ്പോഴും കാടിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങൾ കൗതുക കാഴ്ചകളും സമ്മാനിക്കാറുണ്ട്. മുതിർന്ന ആനകൾ, ഭക്ഷണം തേടുന്നതുൾപ്പടെയുള്ള അതിജീവന പാഠങ്ങൾ കുട്ടിയാനകൾക്ക് പകർന്നു നൽകുന്ന കാഴ്ചകൾ വളരെ വൈകാരികമാണ്. കുട്ടിയാനകൾക്ക് സംരക്ഷണം ഒരുക്കിയുള്ള മുതിർന്ന ആനകളുടെ പെരുമാറ്റങ്ങളും അവരുടെ ഒത്തൊരുമയും കണ്ണ് നിറയ‌്ക്കാറുമുണ്ട്. കുടുംബത്തിൽ ഒരാൾക്ക് ആപത്തുണ്ടാകുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന അതേ വികാരങ്ങൾ കാട്ടാനക്കൂട്ടങ്ങൾക്കിടയിലും കാണാൻ കഴിയും. അവരിൽ ഒരാൾക്ക് ആപത്ത് ഉണ്ടായാൽ വഴിയിൽ ഉപേക്ഷിച്ച് പോകാതെ രക്ഷിക്കാനുള്ള പരമാവധി ശ്രമം അവർ നടത്തും.
ഇപ്പോഴിതാ, ആനകൾ എങ്ങനെ സ്വയം പരിപാലിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ പർവ്വീൺ കസ്വാനാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ താഴ്ചയുള്ള ഭാഗത്ത് നിന്ന് മുകളിലെ റോഡിൽ കയറാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു കുട്ടിയാനയെ കാണാം. ഒപ്പമുള്ള വലിയ രണ്ട് ആനകൾ അവരുടെ തുമ്പിക്കൈയും കാലുകളും ഉപയോഗിച്ച് അതിനെ മുകളിലെ റോഡിലേക്ക് കയറാൻ സഹായിക്കുന്നു. ശേഷം കുട്ടിയാന ആ വലിയ രണ്ട് ആനകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നു. അവർ കടന്നു പോകുന്നതിനായി ദൂരെ കാത്തുകിടക്കുന്ന യാത്രക്കാരെയും വീഡിയോയിൽ കാണാം.
മൂവരും വളരെ തിടുക്കത്തിൽ റോഡ് മുറിച്ചുകടക്കുന്നത് ഗതാഗതം തടസ്സപ്പെടുത്താൻ അവർ ആഗ്രഹിക്കാത്തതുകൊണ്ടാണെന്ന് വീഡിയോയ്‌ക്ക് താഴെ ഒരാൾ കമന്റ് ചെയ്‌തു. മനുഷ്യരെക്കാൾ മികച്ച പൗരബോധം ഉള്ളതായാണ് തോന്നുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |