ആലപ്പുഴ : അച്ഛന് വിളിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംഘടനാപ്രശ്നങ്ങൾ പരിഹരിക്കേണ്ടയാൾ തീ ആളിക്കത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുന്നപ്രയിലെ വീട്ടിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പാർട്ടി സഖാവിനെ തന്തയ്ക്ക് വിളിക്കാനുള്ള ധൈര്യം എവിടെനിന്ന് വന്നു. ജനങ്ങൾ അന്തം വിട്ടുനിൽക്കുകയാണ്. ഇവർക്കെതിരെ ജില്ലാക്കമ്മിറ്റി വേണ്ടതുപോലെ ചെയ്തുകൊള്ളും. താൻ യുദ്ധമൊന്നും ചെയ്തില്ലല്ലോയെന്നും തന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടിയാണുണ്ടായതെന്നുമായിരുന്നു അനുനയനീക്കത്തെപ്പറ്റിയുള്ള ചോദ്യത്തിന് ജി. സുധാകരന്റെ മറുപടി.
പാർട്ടിയോട് ചേർന്നുനിൽക്കാൻ സജി ചെറിയാൻ പറഞ്ഞാൽ താൻ പാർട്ടിയിൽ ഇല്ലെന്നല്ലേ പച്ചമലയാളം. ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കേണ്ട ആൾ ഇല്ലാത്തത് പറഞ്ഞ് തീ ആളിക്കത്തിക്കുന്നു.
പാർട്ടി അംഗങ്ങൾ ഫേസ് ബുക്ക് പോസ്റ്റിടുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗരേഖ ഉണ്ട്. അത്തരം കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുത്താൽ പാർട്ടിയുടെ വിശ്വാസ്യത വർദ്ധിക്കും. ജില്ലാസെക്രട്ടറിക്ക് കാര്യങ്ങൾ ബോദ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. ഫേസ് ബുക്കിൽ പോസ്റ്റിട്ടവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് നേതാക്കൾ പറഞ്ഞതെന്നും സുധാകരൻ വെളിപ്പെടുത്തി.
സി.പി.എം അനുനയം
തനിക്കെതിരെയുണ്ടാകുന്ന തുടർച്ചയായ സൈബർ ആക്രമണങ്ങളുടെ പേരിൽ നേതാക്കൾക്കെതിരെ പരസ്യപ്രതികരണം നടത്തിയ മുൻ മന്ത്രി ജി.സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത, ജില്ല സെക്രട്ടറി ആർ.നാസർ, ജില്ല സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ എന്നിവർ ഇന്നലെ ജി.സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ മുഖമാസികയായ 'കർഷക തൊഴിലാളി"യുടെ പേരിലുള്ള പ്രഥമ വി.എസ്.അച്യുതാനന്ദൻ പുരസ്കാരദാനചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കാനാണ് നേതാക്കളെത്തിയത്. ഞായറാഴ്ച മങ്കൊമ്പിലാണ് പരിപാടി. എം.എ. ബേബി, എം.വി.ഗോവിന്ദൻ, സജി ചെറിയാൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.
സുധാകരന്റെ പരാമർശങ്ങൾക്കെതിരെ മന്ത്രി സജി ചെറിയാനും എ.കെ. ബാലനും രംഗത്തുവന്നതോടെയാണ് വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. സജി ചെറിയാനും ജില്ല സെക്രട്ടറി ആർ.നാസറിനുമെതിരെ ഇന്നലെയും ഒരു ചാനലിൽ ജി.സുധാകരൻ ആഞ്ഞടിച്ചിരുന്നു. വി.എസ്.അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടിക്ക് അന്ത്യാജ്ഞലി അർപ്പിച്ച് മടങ്ങും വഴിയാണ് സി.എസ്.സുജാതയും ആർ.നാസറും ജി.സുധാകരന്റെ വീട്ടിലെത്തിയത്.
വരാനിരിക്കുന്ന എല്ലാ പാർട്ടിപരിപാടികളിലും ജി.സുധാകരന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ജി.സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയതായാണ് സൂചന. സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ ജില്ലാനേതൃത്വം നേരിട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും പാർട്ടിനേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |