വാഷിംഗ്ടൺ: വെനസ്വേലയിൽ രഹസ്യ ദൗത്യങ്ങൾ നടത്താൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയ്ക്ക് അനുമതി നൽകിയെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ നിന്ന് യു.എസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തുമാണ് ഇതിന് കാരണമെന്ന് ട്രംപ് പറഞ്ഞു. തടവുപുള്ളികളെ വെനസ്വേല യു.എസിലേക്ക് അയക്കുന്നെന്നും ആരോപിച്ചു. കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
അതേ സമയം, നിക്കോളാസ് മഡുറോ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് നടപടിയെന്ന് വിലയിരുത്തുന്നു. യു.എസിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഭരണമാറ്റത്തിലൂടെ രാജ്യത്തെ എണ്ണ വിഭവങ്ങൾ പിടിച്ചെടുക്കാനാണ് ശ്രമമെന്നും വെനസ്വേല ആരോപിച്ചു. വിഷയം യു.എൻ രക്ഷാ സമിതിയിൽ ഉന്നയിക്കാനാണ് വെനസ്വേലയുടെ പദ്ധതി.
വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതെന്ന് കരുതുന്ന ബോട്ടുകളെ തകർക്കാൻ തെക്കൻ കരീബിയനിൽ സൈനിക ദൗത്യത്തിനും ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 കോടി ഡോളറാണ് യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |