മൊഹാലി: കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് കോടിക്കണക്കിന് രൂപ. പഞ്ചാബിലെ റോപർ മേഖലയിലെ ഡിഐജി ഹരിചരൺ സിംഗ് ബുള്ളറിനെയാണ് സിബിഐ അറസ്‌റ്റ് ചെയ്തത്. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബുള്ളർ എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ആകാശ് ബാട്ട എന്ന വ്യവസായി നൽകിയ പരാതിയിലാണ് അറസ്‌റ്റ്.
പിന്നാലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ അഞ്ച് കോടി രൂപ, മെഴ്സിഡസ്, ഔഡി തുടങ്ങിയ ആഢംഭര വാഹനങ്ങൾ, ഒന്നരകിലോ സ്വർണ്ണം, 22 വിലകൂടിയ വാച്ചുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ക്രിമിനൽ കേസ് ഒത്തുത്തീർപ്പാക്കാൻ ആകാശ് ബാട്ടയിൽ നിന്ന് ഉദ്യോഗസ്ഥൻ എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ബാക്കി തുക മാസംതോറും നൽകാൻ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു. തന്റെ പേരിൽ രജിസ്‌റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാണ് ആകാശ് ബാട്ട പറയുന്നത്. കൃഷ്‌ണ എന്ന ഇടനിലക്കാരൻ വഴിയാണ് ബുള്ളർ പണം വാങ്ങിയത്. പണം നൽകാൻ ഇടനിലക്കാരൻ നിരന്തരം സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരൻ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ ഒരുക്കിയ കെണിയിലാണ് കൃഷ്ണ പിടിയിലായത്. കൃഷ്‌ണയ്കക്ക് പണം നൽകിയതിന്റെയും തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ പണം കിട്ടിയെന്ന് സമ്മതിക്കുന്ന ഫോൺ സംഭാഷണങ്ങളുടെയും തെളിവുകൾ സിബിഐക്ക് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ബുള്ളറെയും ഇടനിലാക്കരനെയും മൊഹാലിയിലെ ഓഫീസിൽ നിന്നും സിബിഐ സംഘം ഔദ്യോഗികമായി കസ്‌റ്റഡിയിൽ എടുത്തു.
അറസ്‌റ്റിന് പിന്നാലെ റോപർ, മൊഹാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ബുള്ളറുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ റെയ്ഡ് നടത്തി. പണത്തിനും ആഭരണങ്ങൾക്കും പുറമെ പഞ്ചാബിലുടനീളമുള്ള വസ്തുക്കളുടെ രേഖകളും സിബിഐക്ക് ലഭിച്ചു. ഇടനിലക്കാരനായ കൃഷ്‌ണയുടെ വീട്ടിൽ നിന്നും 21 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |