SignIn
Kerala Kaumudi Online
Friday, 15 May 2026 4.51 PM IST

വയനാട് ദേശീയപാത രാത്രിയാത്രാ നിരോധനം കേന്ദ്രശ്രദ്ധയിൽപ്പെടുത്തും,​ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

rahul-gandhi

ന്യൂഡൽഹി: വയനാട്ടിലെ ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുൽ പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു.

"ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും പ്രശ്‌നത്തിന് എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെ"ന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുൽ വ്യക്തമാക്കി.

അതേസമയം,​ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ദേശീയ പാതയിൽ കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്.

2010 ലാണ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതിയുടെ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAHUL GANDHI, MEETS KERALA CM, PINARAYI VIJAYAN, WAYANAD, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA