ചേർത്തല: 2012മുതൽ കാണാതായ ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ–62) കൊല്ലപ്പെട്ടതായി ചേർത്തല പൊലീസ് കണ്ടെത്തി. ഇവരുടെ അടുപ്പക്കാരനായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെതിരെ (61) കൊലക്കുറ്റത്തിന് കേസെടുത്തു. സാഹചര്യത്തെളിവുകളുടേയും കുറ്റസമ്മതമൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഐഷയുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. വസ്തു വാങ്ങുന്നതിനായി കരുതിയ രണ്ടു ലക്ഷം രൂപയും ധരിച്ചിരുന്ന ഒന്നരപ്പവൻ മാലയും കാണാതാകുന്ന ദിവസം ഇവരുടെ കൈവശമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് ഐഷയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തെളിവെടുപ്പിനായി അടുത്തയാഴ്ച പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
നിലവിൽ രണ്ടു കൊലപാതകക്കേസുകളിലായി വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ അറസ്റ്റു രേഖപ്പെടുത്താൻ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെയും കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
2012 മെയ് 12നാണ് ഐഷയെ കാണാതായത്.ജെയ്നമ്മ കേസിൽ സെബാസ്റ്റ്യൻ കുടുങ്ങിയതോടെയാണ് ഐഷ കേസ് പുനരന്വേഷണം തുടങ്ങിയത്. ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |