ഇടുക്കി: വൃഷ്ടി പ്രദേശത്തെ ജലനിരപ്പിന്റെ റൂൾ കർവ് പിന്നിട്ടതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. R1, R2, R3 എന്നീ ഷട്ടറുകൾ 75 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 1064 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് ഒഴുക്കിവിടുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്. വൃഷ്ടി പ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിരുന്നു. പെരിയാർ തീരത്ത് ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ് 138.25 ഘനയടിയാണ്.
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയതായും സംശയമുണ്ട്. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |