കൂത്തുപറമ്പ് (കണ്ണൂർ): സി.പി.എം നേതാവും കൂത്തുപറമ്പ് നഗരസഭ കൗൺസിലറുമായ പി.പി.രാജേഷ് (48) വയോധികയുടെ മാല കവർന്ന കേസിൽ അറസ്റ്റിൽ. നുഞ്ഞുമ്പായി വാർഡിലെ കൗൺസിലറായ രാജേഷ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ്. പാർട്ടിക്ക് നാണക്കേടായതോടെ, രാജേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം ജില്ലാകമ്മിറ്റി പുറത്താക്കി.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഹെൽമറ്റും ജാക്കറ്റും ധരിച്ച് ജൂപ്പിറ്റർ സ്കൂട്ടിയിലാണ് രാജേഷ് മോഷണത്തിന് എത്തിയത്. അടുക്കളയ്ക്ക് പുറത്തിരുന്ന് മീൻ മുറിക്കുകയായിരുന്ന കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ (77)മാല പിന്നിൽ നിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്നലെ കൂത്തുപറമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല പ്രതിയിൽ നിന്ന് കണ്ടെടുത്തു. കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
എത്തിയത്
വേഷം മാറി
രാജേഷ് മോഷണത്തിന് എത്തിയത് വേഷം മാറി. വാഹനത്തിന്റെ നമ്പർ പ്ളേറ്റടക്കം മറച്ച് യാതൊരു തരത്തിലും ആളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
മാല പൊട്ടിച്ചതിനുപിന്നാലെ ജാനകി ബഹളമുണ്ടാക്കിയതോടെ കുടുംബാംഗങ്ങളും പരിസരവാസികളും ഓടിക്കൂടിയെങ്കിലും സ്കൂട്ടിയിൽ രാജേഷ് സ്ഥലം വിട്ടു.
രാജേഷ് ജോലി നോക്കിയിരുന്ന ആശുപത്രിക്ക് സമീപത്താണ് ജാനകിയുടെ വീട്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധനയിൽ ഫോണിന്റെ സാന്നിദ്ധ്യം ആശുപത്രിക്കു മുന്നിൽ ഡ്യൂട്ടി സമയങ്ങളിൽ ഉണ്ടെന്നും മോഷണം നടന്നശേഷം അതിവേഗം ലൊക്കേഷനുകൾ മാറിപ്പോകുന്നതും തിരിച്ചറിഞ്ഞതോടെ രാജേഷിനെ നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതിയെ കണ്ട് പരിചയമുണ്ടെന്ന് ജാനകി പൊലീസിന് മൊഴി നൽകി.
നാട്ടുകാർക്ക് പ്രിയങ്കരൻ
നാട്ടിലെ ഏതാവശ്യത്തിനും ഓടിയെത്തുന്ന കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പി.പി.രാജേഷ് പൊതു പ്രവർത്തനത്തിൽ വളരെ സജീവമായിരുന്നു. കവർച്ച നടത്തിയെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഒന്നാകെ അമ്പരപ്പിലാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |