
ചിറയിൻകീഴ്: ബി.ജെ.പി പ്രവർത്തകന്റെ വീട്ടിലെ വാഹനങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം കൃഷ്ണാലയത്തിൽ മുതിർന്ന ബി.ജെ.പി പ്രവർത്തകനും ഓട്ടോ ഡ്രെെവറുമായ ബാബുവിന്റെ വീടിനുപുറത്തെ ഷെഡിലുണ്ടായിരുന്ന ഓട്ടോ,സ്‌കൂട്ടർ,രണ്ട് ബെെക്കുകൾ,രണ്ട് സെെക്കിളുകൾ എന്നിവയാണ് തീയിട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം.
രണ്ടുപേർ മതിൽ ചാടിക്കടന്ന് വാഹനങ്ങൾക്ക് തീയിടുന്നതും ഓടിപ്പോകുന്നതും സി.സി ടിവിയിൽ കണ്ടെത്തി. അതിൽ
ഒരാൾ ഹെൽമെറ്റ് വച്ച് മുഖം മറച്ചിട്ടുണ്ട്. മറ്റെയാൾ മുഖം കുനിച്ചാണ് നടക്കുന്നത്. ഇരുവരും ചെറുപ്പക്കാരാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.സംഭവസമയം ബാബുവും ഭാര്യയും മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ട് മകൻ ഉണ്ണിക്കൃഷ്ണൻ എഴുന്നേറ്റപ്പോൾ വാഹനങ്ങൾ കത്തുന്നതാണ് കണ്ടത്. തുടർന്ന് ബഹളംവച്ച് നാട്ടുകാരെ ഉണർത്തി. അപ്പോഴേക്കും എല്ലാ വാഹനങ്ങളും പൂർണമായും കത്തിയിരുന്നു.
ഉടൻതന്നെ ആറ്റിങ്ങൽ ഫയർഫോഴ്സിനെയും ചിറയിൻകീഴ് പൊലീസിനെയും വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തുകയും ചെയ്‌തു. ബാബുവിന്റെയും കുടുംബത്തിന്റെയും ഉപജീവന മാർഗമായിരുന്നു ഈ ഓട്ടോ. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. രണ്ടുദിവസം മുമ്പ് അപരിചിതരായ രണ്ടുപേർ ഹെൽമെറ്റ് ധരിച്ചെത്തി ബാബുവിന്റെ വീട് അന്വേഷിച്ചതായി നാട്ടുകാരിൽ ചിലർ പറയുന്നു.
നവംബർ 18ന് പണ്ടകശാല വാർഡിലെ ബി.ജെ.പി വനിതാ സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമമുണ്ടായിരുന്നു.
ബാബുവിന്റെ സഹോദരിയുടെ മകളാണ് സ്ഥാനാർത്ഥി. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. പണ്ടകശാല വാർഡിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാണ് ബാബു.
പ്രതികളെ പിടികൂടാത്തതിലും പ്രവർത്തകർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് ബി.ജെ.പി നോർത്ത് ജില്ലാപ്രസിഡന്റ് റെജി കുമാറിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ചിറയിൻകീഴ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിജീഷ്,ജില്ലാ സ്ഥാനാർത്ഥി അനീഷ് പത്മനാഭൻ,മഹിളാമോർച്ച പ്രവർത്തകർ,യുവമോർച്ച പ്രവർത്തകർ,സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രതികളെ ഉടൻ പിടികൂടുമെന്നുള്ള എസ്.എച്ച്.ഒയുടെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |