സൂപ്പർ ലീഗ് കേരളയുടെ ആവേശമുയർത്തി ഇന്ന് മലബാർ ഡെർബി. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം വേദിയാകുന്ന തീ പാറുന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി, ആതിഥേയരായ മലപ്പുറം എഫ്‌സിയെ നേരിടും. മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും അംബാസഡർമാരായ ബേസിൽ ജോസഫും ക്രിക്കറ്റ് താരം സഞ്ജു സാംസണുമുള്ള പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാലിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസഡറാണ് നടൻ ബേസിൽ ജോസഫ്. മലപ്പുറം ടീമിന്റെ ഉടമകളിലൊരാളാണ് സഞ്ജു സാംസൺ. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമാണ് പ്രമോ വീഡിയോയിലുള്ളത്.
ജിമ്മിൽ വ്യായാമം ചെയ്യുന്ന സഞ്ജുവിനെ ബേസിൽ ഫോൺ വിളിക്കുന്നതോടെയാണ് പ്രമോ വീഡിയോ ആരംഭിക്കുന്നത്. ‘ഹലോ, ബോൽ’ എന്ന് സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്ന് ബേസിൽ പരിഹസിക്കുന്നു. തുടർന്ന് ഒരു മിനിട്ടോളം നീളുന്ന ഇരുവരുടെയും വാദപ്രതിവാദങ്ങൾ ചിരി പടർത്തുന്നതാണ്.
‘ഈ സാലാ കപ്പ് നംദേ’ എന്ന ഐപിഎൽ ടീമായ ആർസിബി ആരാധകരുടെ വാചകം ബേസിൽ പറയുമ്പോൾ , ‘നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല’ എന്ന് സഞ്ജു തിരിച്ചടിക്കുന്നു. ഇതിനു മറുപടിയായി ബേസിലിന്റെ 'തഗ് ലൈനാണ് ശ്രദ്ധേയമാണ്. ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ലെന്ന് പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു'. ഒടുവിൽ രജനീകാന്തിന്റെ ‘ചുമ്മാ അതിറുതില്ലേ..’ എന്ന പഞ്ച് ഡയലോഗോടെ സഞ്ജു സംഭാഷണം അവസാനിപ്പിക്കുന്നതോടെയാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |