കേരളകൗമുദി വാർത്ത തുണയായി
ബാലരാമപുരം: ബാലരാമപുരം-വിഴിഞ്ഞം റോഡിൽ പാലച്ചൽക്കോണം വാർഡിൽ മംഗലത്തുകോണം സി.എസ്.ഐ പള്ളിക്ക് സമീപം അപകടാവസ്ഥയിൽനിന്ന ഇലവുമരം മുറിച്ചുമാറ്റി. കൗമുദി വാർത്തയെ തുടർന്ന് ജനപ്രതിധികളുടേയും മരാമത്തിന്റെയും ഇടപെടലാണ് മരം മുറിച്ചുമാറ്റൽ നടപടിയിലെത്തിച്ചത്. ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് കാൽനടയാത്രകാർക്ക് വെല്ലുവിളിയായിരുന്നു ഈ ഇലവുമരം. എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മരം മുറിച്ചുമാറ്റിയത്. മരാമത്ത് ഉദ്യോഗസ്ഥരുമായി എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച്ച മരം മുറിപ്പുകാരെത്തി മുറിച്ചുമാറ്റുകയായിരുന്നു. കളക്ടർ ഉത്തരവ് കൈമാറിയിട്ടും മരം മുറിച്ചുമാറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേതാജി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഫ്രാബ്സും രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്കാരം നേടിയ ഡോ.ബി.വിവേകാനന്ദന്റെ വീടിന് മുൻവശത്തായാണ് ഇലവുമരം വള്ളികൾ പടർന്ന് അപകടാവസ്ഥയിൽ നിന്നിരുന്നത്. 75വർഷത്തോളം പഴക്കമുണ്ടായിരുന്ന മരം സമീപത്തെ കെ.എസ്.ഇ.ബി ലൈനിനും ഭീഷണിയായിരുന്നു.
തുടരുന്ന ഭീഷണി
റോഡുവക്കിലും പൊതുയിടങ്ങളിലും അപകടാവസ്ഥയിൽ നിലകൊള്ളുന്ന പാഴ്മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് വാർഡുകളിൽ അറിയിപ്പ് നൽകിരുന്നു. എന്നാൽ വഴിയാത്രക്കാർക്ക് ഭീഷണിയായി നിരവധി മരങ്ങൾ ഇപ്പോഴും നിൽക്കുന്നുണ്ട്.
നടപടി സ്വാഗതാർഹം
മരം മുറിച്ചു മാറ്റാൻ ഗൗരവമായി ഇടപെട്ട എം.വിൻസെന്റ് എം.എൽ.എയേയും മരാമത്ത് അധികൃതരേയും നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വി.ഉദയൻ,ട്രഷറർ രാജൻ,ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,പൊതുപ്രവർത്തകരായ പാലച്ചൽക്കോണം ഗണേശൻ,ഷിബു എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |