മലപ്പുറം: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ നൽകിയത് 2.23 ലക്ഷം കുടിവെള്ള കണക്ഷൻ. ജില്ലയിൽ ജൽ ജീവൻ മിഷൻ ആരംഭിക്കുന്നതിന് മുമ്പ് 1.43 ലക്ഷം കുടിവെള്ള കണക്ഷനാണ് ഉണ്ടായിരുന്നത്. ജില്ലയിലെ ആകെ ഗ്രാമീണ വീടുകളുടെ എണ്ണം 7.97 ലക്ഷമാണ്. 6.52 ലക്ഷം കണക്ഷനുകൾക്കാണ് ജില്ലയിൽ ഭരണാനുമതി നൽകിയത്.
നിലവിൽ 24 ജല ശുദ്ധീകരണ ശാലകളാണ് ജില്ലയിലുള്ളത്. പ്രതിദിനം 2,600 ലക്ഷം ലിറ്റർ ജലമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ജില്ലയിൽ പദ്ധതി പ്രകാരം 45.6 ശതമാനം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ള കണക്ഷൻ നൽകിയിട്ടുള്ളത്. ഇതേവരെ ജില്ലയിൽ ആകെ കുടിവെള്ള കണക്ഷൻ ലഭിച്ചത് 3.66 ലക്ഷം വീടുകളിലാണ്. ഇനി ലഭിക്കാനുള്ളത് 4.31 ലക്ഷം വീടുകളിലും. മുതുവല്ലൂർ, ഏലംകുളം പഞ്ചായത്തുകളിൽ ഇതിനോടകം മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാൻ സാധിച്ചിട്ടുണ്ട്. മുതുവല്ലൂർ പഞ്ചായത്തിൽ 37.4 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. 15 വാർഡുകളുള്ള പഞ്ചായത്തിലെ ആകെയുള്ള 5,804 വീടുകളിലും കുടിവെള്ളമെത്തി. ഏലംകുളം പഞ്ചായത്തിൽ 16.44 കോടി രൂപയും ചെലവഴിച്ചു. ജില്ലയിൽ മുഴുവൻ വീടുകളിലും കുടിവെളളമെന്ന സ്വപ്നം യഥാർത്ഥ്യമാക്കിയ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് ഏലംകുളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |