കാർവാർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാവിക സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കപ്പലിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചെന്നും, ഇത് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഐഎൻഎസ് വിക്രാന്ത് എന്ന പേര് കേട്ടാൽ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടും. അതിന്റെ പേരിന് പോലും ശത്രുവിന്റെ ധൈര്യം കെടുത്താൻ കഴിയുമെങ്കിൽ അതാണ് ഐഎൻഎസ് വിക്രാന്ത്, പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാർവാറിന്റെയും തീരത്ത് നിലയുറപ്പിച്ചിട്ടുള്ള ഐഎൻഎസ് വിക്രാന്തിൽ രാജ്യത്തിന്റെ ധീരരായ നാവികരുമായി ദീപാവലി ആഘോഷിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു വശത്ത് സമുദ്രം, മറുവശത്ത് ഭാരതാംബയുടെ ധീരരായ ജവാൻമാരുടെ കരുത്ത്. അമ്പരപ്പിക്കുന്ന അവിസ്മരണീയമായ ദിവസമാണ് ഇന്ന്.' പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെ പ്രകീർത്തിച്ചുകൊണ്ട് മോദി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പരാമർശിച്ചു. ഇന്ത്യൻ നാവികസേന സൃഷ്ടിച്ച ഭയം, ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച അത്ഭുതകരമായ വൈദഗ്ദ്ധ്യം, രാജ്യത്തെ കരസേനയുടെ ധീരത, ഈ മൂന്ന് സേനകളുടെയും മികച്ച ഏകോപനമാണ് പാകിസ്ഥാനെ ഇത്രയും വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയതെന്നും മോദി ചൂണ്ടികാണിച്ചു.
'കടലിലൂടെ കുതിച്ചുപായുന്ന ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രതിഫലനമാണ്. ഇത് വെറുമൊരു യുദ്ധക്കപ്പലല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഴിവിന്റെയും ഇച്ഛാശക്തിയുടെയും സാക്ഷ്യപത്രമാണ്,' മോദി പറഞ്ഞു. 'ഇന്നലെ രാത്രി ഞാൻ ഇവിടെ ചെലവഴിച്ച നിമിഷങ്ങൾ വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. നിങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്ന ഊർജ്ജവും ആവേശവും ഞാൻ കണ്ടു. നിങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും നിങ്ങളുടെ പ്രകടനങ്ങളിലൂടെ ഓപ്പറേഷൻ സിന്ദൂർ വിവരിക്കുകയും ചെയ്തപ്പോൾ യുദ്ധക്കളത്തിൽ നിൽക്കുന്ന സൈനികന്റെ വികാരം വാക്കുകൾ കൊണ്ട് പൂർണ്ണമായി പകർത്താൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു,' അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക ഉപകരണങ്ങളുടെ കരുത്തിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇവയെല്ലാം ശ്രദ്ധേയമാണെങ്കിലും അവ പ്രവർത്തിപ്പിക്കുന്നവരുടെ ധൈര്യമാണ് അവയെ കൂടുതൽ ശക്തമാക്കുന്നതെന്നും പറഞ്ഞു. "ഈ കപ്പലുകൾ ഇരുമ്പുകൊണ്ട് നിർമ്മിച്ചതാകാം, പക്ഷേ നിങ്ങൾ അതിൽ പ്രവേശിക്കുമ്പോൾ, അവ സായുധ സേനയുടെ ജീവനുള്ള, ശ്വാസമെടുക്കുന്ന ശക്തികളായി മാറുന്നുവെന്നും മോദി പറഞ്ഞു. ഓരോ നിമിഷവും താൻ നിങ്ങളിൽ നിന്ന് എന്തെങ്കിലും പഠിച്ചെന്നും, ഈ ജീവിതം ഓരോ ദിവസവും ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് തനിക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ എന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |