നെടുങ്കണ്ടം: മിന്നൽ പ്രളയത്തിൽ നെടുങ്കണ്ടത്തിന് സമീപം പാലാറിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായത് മൂന്ന് ഉരുൾപൊട്ടലുകൾ. ശൂലപ്പാറ, പാലാർ എന്നിവിടങ്ങളിലാണ് ഏക്കർ കണക്കിന് കൃഷിഭൂമി ഒലിച്ചു പോയ ഉരുൾപൊട്ടലുകൾ ഉണ്ടായത്. ശൂലപാറയിൽ ഒരു മലയുടെ ഒരു ഭാഗം പൂർണമായി ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മേഖലയിലേക്ക് ഇനിയും കടന്നു ചെല്ലാൻ ആളുകൾക്കായിട്ടില്ല. ഇനിയും ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. ആൾതാമസമില്ലാത്ത ഭാഗമായതിനാൽ വിവരം അറിയാനും വൈകി. ശനിയാഴ്ച പുലർച്ചെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യത ആദ്യമേ തന്നെ സംശയിച്ചിരുന്നു. എന്നാൽ കൂട്ടാർ, അന്യാർതൊളു, കമ്പംമെട്ട് മേഖലകളിൽ ഒന്നും ഉരുൾപൊട്ടിയതായി റിപ്പോർട്ട് ചെയ്തില്ല. ഇതോടുകൂടി പെരുമഴ തന്നെയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിലയിരുത്തി. എന്നാൽ ഇന്നലെയാണ് പാലാറിലെ ഉരുൾപൊട്ടലിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ശൂലപ്പാറയിലെ മല മുകളിലെ ദൃശ്യമാണ് ചിത്രത്തിൽ. ഒരുഭാഗം പൂർണമായും ഒലിച്ചുപോയി. പാലാറിൽ ഈരാറ്റുപേട്ട സ്വദേശിയുടെ പത്ത് ഏക്കർ ഏലത്തോട്ടമാണ് ഒലിച്ചു പോയത്. വലിയ ഉരുളാണ് ഇവിടെ പൊട്ടിയത്. ഇതിന് പിന്നാലെയാണ് പുഷ്പക്കണ്ടം സ്വദേശിയുടെ നാലേക്കർ ഏലത്തോട്ടത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ആദ്യമായാണ് കൃഷിയിടത്തിൽ ഇത്തരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് ഉടമ പറയുന്നു. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഈ മൂന്ന് ഉരുൾപൊട്ടലുകളാണ് കല്ലാർ പുഴയിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |