ന്യൂഡൽഹി: മുഗൾ കാലഘട്ടത്തിൽ സ്ഥാപിച്ച ഡൽഹിയിലെ 'ഘണ്ടേവാല' മധുര പലഹാര കടയിൽ ദീപാവലി ദിനത്തിൽ പാചക വൈദഗ്ദ്ധ്യം പരീക്ഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തമായി ഉണ്ടാക്കിയ 'ഇമാർട്ടി'യും കടലമാവിന്റെ ലഡ്ഡുവുമായാണ് അദ്ദേഹം മടങ്ങിയത്.
1790ൽ ഓൾഡ് ഡൽഹിയിൽ സ്ഥാപിതമായ കടയിൽ ദീപാവലി ദിനത്തിൽ പലഹാരം വാങ്ങാനെത്തിയതായിരുന്നു രാഹുൽ. പലഹാരം നിർമ്മിക്കുന്നത് കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം രാഹുലിനെ അടുക്കളയിലേക്ക് നയിച്ചു. ഉത്തർപ്രദേശുകാരുടെ ഉഴന്നുകൊണ്ടുള്ള മധുര പലഹാരമായ ഇമാർട്ടി ഉണ്ടാക്കുന്ന വിധം പാചകക്കാരൻ കാണിച്ചു കൊടുത്തു. അതു കണ്ടപ്പോൾ ഒരു കൈ നോക്കാൻ രാഹുലിന് ആഗ്രഹം. ഏപ്രൺ ധരിച്ച് അദ്ദേഹം ഉഴുന്ന് കുഴച്ച് പൂക്കളുടെ മാതൃകയിൽ ഇമാർട്ടി ഉണ്ടാക്കി എണ്ണയിൽ വറുത്തെടുത്ത് പഞ്ചസാര സിറപ്പിൽ മുക്കിയെടുത്തു. അതുകഴിഞ്ഞ് കടലമാവുകൊണ്ടുള്ള ലഡു നിർമ്മാണത്തിലും അദ്ദേഹം കൈവച്ചു.
ഇതിനിടെ ഇതൊക്കെ എങ്ങനെ പഠിക്കുമെന്ന് രാഹുൽ ചോദിച്ചപ്പോൾ ഇന്ത്യയിൽ മധുര പലഹാരമുണ്ടാക്കാൻ പഠിപ്പിക്കുന്ന ഒരു കോഴ്സുമില്ലെന്ന് കടയുടമ പറഞ്ഞു. അത് മധുര പലഹാര നിർമ്മാണ കലയോടുള്ള അവഗണനയാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. മധുരപലഹാരങ്ങൾ കഴിക്കുന്നവർ അതിന് പിന്നിലെ പരിശ്രമത്തെക്കുറിച്ച് അറിയുന്നില്ല. കർഷകർ മുതൽ പാചക തൊഴിലാളികളുടെ വരെ അദ്ധ്വാനവും വിരുതും അതിലുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ കാലത്ത് ലാല സുഖ് ലാൽ ജെയിൻ സ്ഥാപിച്ചതാണ് ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന മധുരപലഹാര കടയായ ഘണ്ടേവാല. വില്പന കുറഞ്ഞതിനെ തുടർന്ന് 2015ൽ പൂട്ടിയ കട 2024ൽ കുടുംബത്തിലെ എട്ടാം തലമുറയിലെ സുശാന്ത് ജെയിന്റെ നേതൃത്വത്തിൽ പുനഃരാരംഭിച്ചു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി തുടങ്ങിയവർ ഇവിടെ പതിവുകാരായിരുന്നു. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്ക് ജൻമദിനത്തിലും മറ്റ് ആഘോഷങ്ങൾക്കും കടയിൽ നിന്ന് പലഹാരം അയച്ചിരുന്നതായി കടയുടമ സുശാന്ത് ജെയിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |