ചെന്നിത്തല : മാതാവ് എൻ.ദേവകിയമ്മ ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തംഗമായിരിക്കുമ്പോഴാണ് രമേശ് ചെന്നിത്തല ആദ്യമായി നിയമസഭയിലെത്തിയത്. 1982ൽ ഹരിപ്പാട്ട് നിന്നായിരുന്നു രമേശ് തിരഞ്ഞെടുക്കപ്പെട്ടത്. 1981 - 86ൽ സി.പി.എമ്മിലെ സദാശിവൻപിള്ള പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ചെന്നിത്തല പത്താംവാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു ദേവകിയമ്മ.
1986ൽ 28ാം വയസ്സിൽ കരുണാകരൻ മന്ത്രിസഭയിൽ രമേശ് അംഗമായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രമേശ് ആഭ്യന്തരമന്ത്രിയായിരിക്കെ ദേവകിയമ്മ തിരുവനന്തപുരത്തേക്ക് താമസം മാറിയെങ്കിലും മകൾ വിജയലക്ഷ്മിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അമ്മയെക്കാണാൻ ഇവിടേക്ക് ചെന്നിത്തല പതിവായി എത്തുമായിരുന്നു. ദൂരയാത്രകൾക്ക് മുമ്പായി അമ്മയെക്കണ്ട് അനുവാദം ചോദിക്കുന്നതും പതിവാണ്.
ദേവകിയമ്മയുടെ ഭൗതികശരീരം ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ന് ചെന്നിത്തലയിലെ കുടുംബ വീട്ടിലെത്തിച്ചപ്പോൾ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യോപചാരം അർപ്പിക്കാനായി എത്തി. എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ , ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, സി.ജയചന്ദ്രൻ, ജ്യോതികുമാർ ചാമക്കാല, ഇ.സമീർ, എബി കുര്യാക്കോസ്, ഡി.സുഗതൻ, ബി.ബാബുപ്രസാദ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |