തിരുവനന്തപുരം: നിലവിലെ ദേവസ്വം ബോർഡ് 2019 ലെ സ്വർണക്കൊള്ള ബോധപൂർവ്വം മറച്ചുവെച്ചാണ് 2025ലും ദ്വാരപാലക ശില്പം സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇത് ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും രാജിവെയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടന്നെ കൃത്യമായ നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്. സ്വർണക്കൊള്ള ബോർഡിന്റെയും മൗനാനുവാദത്തോടെ നടന്നതാണെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം. 2019ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം നടത്തിയത് പോലെ 2025 ലെ ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശാൻ കൊണ്ടുപോയതിലും ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും നിലവിലെ ബോർഡിനും ദേവസ്വം മന്ത്രിക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഘടിത കൊള്ളയാണ് ശബരിമലയിൽ നടന്നിരിക്കുന്നത്. ബോർഡും സർക്കാരും അതിന് അവസരവും ഒത്താശയും ചെയ്യുകയായിരുന്നു. അതുകൊണ്ട് ഈ സ്വർണക്കൊള്ള ഏതാനും ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങന്നതല്ല. 2019ലെ ബോർഡിനെ മാത്രം പഴിചാരി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ട. കോടതി തന്നെ ദുരൂഹത ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ നാണമുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകാനുള്ള ആർജ്ജവം ദേവസ്വം ബോർഡും മന്ത്രിയും കാട്ടണം. അതല്ല മുടന്തൻ ന്യായങ്ങൾ നിരത്തി കൊള്ള തുടരാനാണ് ഭാവമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇനിയും ഉയർത്തുമെന്നും കെസി വേണുഗോപാൽ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |