മലപ്പുറം: സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിവരങ്ങൾ തേടുന്ന കുടുംബശ്രീ പദ്ധതിയായ ക്രൈം മാപ്പിംഗ് കൂടുതൽ പഞ്ചായത്തുകളിലേക്ക്. പുതിയ ഘട്ടമെന്നോണം ജില്ലയിൽ കൂട്ടിലങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിച്ചത്. സർവേയ്ക്ക് മുന്നോടിയായി ക്രൈം മാപ്പിംഗ് റിസോഴ്സ് പേഴ്സൺമാർക്കുള്ള സംസ്ഥാനതല പരിശീലനം തൃശൂരിൽ പൂർത്തിയാക്കിയിരുന്നു. രണ്ട് പഞ്ചായത്തുകളിലും ആറ് വീതം പേരെയാണ് റിസോഴ്സ് പേഴ്സൺമാരായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പഞ്ചായത്തുകളിലുമായി 420 പേരെ നേരിൽക്കണ്ട് സർവ്വേ നടത്താനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തോടെ ഈ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോരുത്തരേയും നേരിൽ പോയിക്കണ്ട് ഗൂഗിൾ ഫോം വഴിയാണ് സർവേ നടത്തുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കാലടി, കുറുവ, വേങ്ങര, പോരൂർ, കുഴിമണ്ണ, കോഡൂർ പഞ്ചായത്തുകളിലാണ് ക്രൈം മാപ്പിംഗ് പൂർത്തിയാക്കിയിരുന്നത്. അന്ന് 5,735 സ്ത്രീകളിൽ നടത്തിയ സർവേയിൽ 3,324 പേർ സാമ്പത്തിക അതിക്രമത്തിനും 609 പേർ ശാരീരിക അതിക്രമത്തിനും 3,090 പേർ ലൈംഗിക അതിക്രമത്തിനും ഇരയായതായി കണ്ടെത്തിയിരുന്നു.
പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരായ റിസോഴ്സ് പേഴ്സൺമാരാണ് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി അടിസ്ഥാനമാക്കി സർവേ നടത്തുക. ശാരീരികം, വാചികം, മാനസികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം തുടങ്ങിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക. ക്രൈം മാപ്പിംഗ് പൂർത്തിയാക്കിയ ശേഷം ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ച് ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് തയ്യാറാക്കും. 18ന് മുകളിലുള്ളവരെയാണ് സർവേയ്ക്ക് വിധേയമാക്കുക.
ക്രൈം മാപ്പിംഗ് പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ അക്രമ സാദ്ധ്യതാ പ്രദേശങ്ങളെ കണ്ടെത്താൻ ഏറെ സഹായിക്കും. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം, സ്വഭാവം എന്നിവ സംബന്ധിച്ച് കൃത്യമായ ധാരണ ലഭിക്കാൻ പദ്ധതി സഹായിക്കും.
റൂബി രാജ്, ജില്ലാ പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |