തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരബാധ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ 13കാരനിലാണ് രോഗം കണ്ടെത്തിയത്. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
രോഗബാധിതനായ കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ളോറിനേഷൻ നടത്തി. നാല് ദിവസങ്ങൾക്കുമുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ രക്തപരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് കുട്ടിയെ അഡ്‌മിറ്റാക്കി. തുടർപരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബത്തിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി കഴിഞ്ഞദിവസം മരിച്ചിരുന്നു. 78 വയസായിരുന്നു. ഈ മാസം 16നായിരുന്നു വയോധികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകർ വയോധികയുടെ പോത്തൻകോടുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തി. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |