തിരുവനന്തപുരം : അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും കേരളപ്പിറവി ദിനത്തിൽ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ കമലഹാസൻ എം.പി, മമ്മൂട്ടി, മോഹൻലാൽഎന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രിമാർ പറഞ്ഞു.
പരിപാടിയ്ക്ക് ശേഷവും മുൻപും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
നീതി ആയോഗിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.2021ൽ ജനസംഖ്യയുടെ0.7ശതമാനം മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. വിവിധ പദ്ധതികളിലായി പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ സർക്കാർ സഹായവും സേവനവും സംയോജിപ്പിച്ചുകൊണ്ടും പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്‌കരിച്ചുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ്പരിശോധനയും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും എം.ബി. രാജേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |