പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടികയറി കളഭം മൂടിയ അയ്യനെ മനംനിറഞ്ഞ് തൊഴുത സായൂജ്യവുമായി രാഷ്ട്രപതി ദ്രൗപദി മുർമു മലയിറങ്ങി. ഇന്നലെ രാവിലെ 11.47നാണ് രാഷ്ട്രപതി ശ്രീകോവിലിൽ തൊഴുതത്. രാവിലെ 8.30ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെത്തി. തുടർന്ന് കാറിൽ 10 മണിയോടെ പമ്പയിൽ.
പമ്പാ സ്നാനത്തിനുശേഷം ഗണപതി ക്ഷേത്രനടയിലാണ് കെട്ടുമുറുക്കിയത്. മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, സുരക്ഷാ ഉദ്യോഗസ്ഥരായ സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിർക്കൊപ്പം ഇരുമുടിക്കെട്ടേന്തി പ്രത്യേകം തയ്യാറാക്കിയ ഗുർഖാവാഹനത്തിലേക്ക്. ആറ് ഗുർഖാ വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. 11.15ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. രാഷ്ട്രപതി സഞ്ചരിച്ച വാഹനത്തിന്റെ മുന്നിൽ ഇരുമുടിക്കെട്ടേന്തിയ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കയറി. 11.40ന് വാഹനം സന്നിധാനത്ത് താഴെതിരുമുറ്റത്ത് എത്തി.
സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ പിടിച്ച് പതിനെട്ടാംപടി കയറിയെത്തിയ രാഷ്ട്രപതിയെ 11.45ന് കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ബലിക്കൽപുരയിലേക്ക് ആനയിച്ചു. 11.47ന് ശ്രീകോവിൽ ദീപപ്രഭയിലാണ്ട അയ്യപ്പനെ വണങ്ങി. രാഷ്ട്രപതി സ്വാമി ശരണം എന്ന അയ്യപ്പ സ്തുതി ചൊല്ലി. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് എത്തിച്ച കർപ്പൂര ദീപം തൊഴുതു. മേൽശാന്തി ഇലയിൽ നൽകിയ പ്രസാദം രാഷ്ട്രപതി ഇരുകൈയും നീട്ടി വാങ്ങി. ചന്ദനം നെറ്റിയിൽ തൊട്ടു.
രാഷ്ട്രപതിയും സംഘവും നടയ്ക്കുവച്ച ഇരുമുടികൾ മേൽശാന്തി ശ്രീകോവിലിൽ പൂജിച്ചു. പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ഭക്തിയോടെ നിന്ന രാഷ്ട്രപതി കാണിക്കയിട്ട് വീണ്ടും അയ്യനെ തൊഴുതശേഷം ഉപദേവ പ്രതിഷ്ഠയായ ഗണപതിയെയും വണങ്ങി. 12 മണിയോടെ ഫ്ളൈ ഓവർ വഴി നടന്ന് മാളിപ്പുറം ദേവീക്ഷേത്രത്തിലും ദർശനം നടത്തി.
മണിമണ്ഡപത്തിന് മുന്നിലെത്തി ഐതീഹ്യം ചോദിച്ചറിഞ്ഞു. പിന്നാലെ നാഗരാജ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് വാവര് സ്വാമിയുടെ നടയിലുമെത്തി. വാവരുടെ പ്രതിനിധി ആചാരപരമായി അനുഗ്രഹിച്ചു. സന്നിധാനത്ത് വിശ്രമിക്കാതെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.
ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറിൽ പ്രമാടത്തേക്ക്. 4.15ന് പ്രമാടത്ത് നിന്ന് രാഷ്ട്രപതി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |