
മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര കേൾവി ശക്തിയുള്ള ജീവികൾ നമുക്കിടയിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച കാതുകൾ ഉള്ളത് ഏത് ജീവിക്കാണെന്ന് കണ്ടെത്തുക അൽപ്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും മികച്ചത് ചൂണ്ടികാണിക്കുന്നത് എപ്പോഴും ആപേക്ഷികമാണെന്നാണ് ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഓൾഡൻബർഗിലെ പ്രൊഫസറായ ക്രിസ്റ്റിൻ കോപ്പൽ പറയുന്നത്. ശബ്ദങ്ങൾ തിരിച്ചറിയാനുള്ള സംവേദനക്ഷമത, ഒരേ പോലെയുള്ള ശബ്ദങ്ങളെ വേർതിരിച്ചറിയാനുള്ള കഴിവ്, ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് സ്ഥിരീകരിക്കാനുള്ള കഴിവ് എന്നിവയെല്ലാം കേൾവിയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം പരിഗണിച്ചാൽ ചില ജീവികളുടെ സ്ഥാനം മുൻ പന്തിയിലാണ്.
അതിൽ ആദ്യം എടുത്തു പറയേണ്ട ജീവിയാണ് മൂങ്ങകൾ. രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന ശീലം കാരണം മൂങ്ങയുടെ കേൾവിശക്തി അമ്പരപ്പിക്കുന്നതാണ്. 'ഞാൻ മൂങ്ങകളെക്കുറിച്ച് പഠിച്ചിട്ടുണ്ട്, അതിനാൽ എന്റെ ലിസ്റ്റിൽ അവർക്കാണ് ഒന്നാം സ്ഥാനം' കോപ്പൽ പറയുന്നു. രാത്രിയിൽ വെളിച്ചം കുറവുള്ളപ്പോൾ കാഴ്ചയ്ക്ക് പകരം മൂങ്ങകൾ അവയുടെ കേൾവിശക്തിയാണ് ഉപയോഗിക്കുന്നത്. മരത്തിനടിയിലോ ഇലകൾക്കിടയിലോ ഒളിച്ചിരിക്കുന്ന ഒരു എലിയുടെ നേരിയ ശബ്ദം പോലും ഇവയ്ക്ക് തിരിച്ചറിയാനും കൃത്യമായി ഇരയെ കണ്ടെത്താനും കഴിയും. ഇതിനായി മൂങ്ങകൾക്ക് രണ്ട് പ്രത്യേകതകളാണ് ഉള്ളത്. അതിൽ ഒന്ന് മുഖത്തെ തൂവലുകളും രണ്ട് കാതുകളുടെ സ്ഥാനവുമാണ്.

മുഖത്തിന് ചുറ്റുമുള്ള തൂവലുകൾ ശബ്ദങ്ങളെ എളുപ്പത്തിൽ കാതുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഇവയുടെ വലത്, ഇടത് കാതുകൾ അൽപ്പം വ്യത്യസ്തമായ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ശബ്ദതരംഗങ്ങൾ രണ്ട് ചെവികളിലും എത്തുന്നത് ചെറിയ സമയ വ്യത്യാസത്തിലായിയിരിക്കും. ഈ വ്യത്യാസം ഉപയോഗിച്ച് ശബ്ദത്തിന്റെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് മൂങ്ങയ്ക്ക് വേഗത്തിൽ കണക്കാക്കാൻ കഴിയും.
അടുത്തതായി വവ്വാലുകളും ഡോൾഫിനുകളുമാണ്. പ്രകൃതിയിൽ തീർത്തും വ്യത്യസ്തമായ ഇടങ്ങളിൽ ജീവിക്കുമ്പോഴും, വവ്വാലുകൾക്കും ഡോൾഫിനുകൾക്കും സമാനതകളുള്ള പ്രത്യേകതയാണുള്ളത്. എക്കോലൊക്കേഷൻ (Echolocation) അഥവാ മാറ്റൊലിയിലൂടെയുള്ള സഞ്ചാരമാണ് ഇവയുടെ പ്രത്യേകത.

'ഡോൾഫിന്റെയും വവ്വാലിന്റെയും കാതുകളെ എനിക്കിഷ്ടമാണ്. കാരണം അവ വെറുതെ ശബ്ദങ്ങളെ ശ്രവിക്കുകയല്ല ചെയ്യുന്നത്. ചുറ്റുപാടും സജീവമായ കാര്യങ്ങളെ 'ഇമേജിംഗ്' നടത്താൻ ശബ്ദം ഉപയോഗിക്കുന്നു,' വുഡ്‌സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഡാർലീൻ കെറ്റൻ പറയുന്നു.
ചുറ്റുമുള്ള വസ്തുക്കളിൽ തട്ടി തിരികെ വരുന്ന മാറ്റൊലി ശ്രവിച്ചാണ് ഈ ജീവികൾ അവയുടെ ചുറ്റുപാടുകളുടെ രൂപരേഖ മനസിൽ സൃഷ്ടിക്കുന്നത്. മനുഷ്യ നിർമ്മിത സാങ്കേതികവിദ്യയായ സോണാറിന്റെ (Sonar) അടിസ്ഥാനവും ഇതുതന്നെയാണ്. എന്നാൽ ഇവയുടെ എക്കോലൊക്കേഷൻ അതിനേക്കാൾ വളരെ മികച്ചതാണെന്നും കെറ്റൻ കൂട്ടിച്ചേർത്തു.
ശബ്ദമുണ്ടാക്കി അതിലെ മാറ്റൊലി കേൾക്കുമ്പോൾ സ്വന്തം ശബ്ദം കേട്ട് ചെവിക്ക് കേടുണ്ടാകാതിരിക്കാൻ, ഈ ജീവികൾക്ക് ചെവിക്കുള്ളിൽ പ്രത്യേക സംവിധാനങ്ങളുമുണ്ട്. വെള്ളത്തിനടിയിലും മുകളിലുമുള്ള ശബ്ദങ്ങളെ ശ്രവിക്കാൻ കഴിയുന്ന കടൽ ജീവികളാണ് സീലുകളും കടൽ സിംഹങ്ങളും.
കേൾവി ശക്തിക്കുള്ള മികച്ച പുരസ്കാരം ഉണ്ടെങ്കിൽ അതൊരു പക്ഷെ പിന്നിപെഡുകൾക്ക് (സീലുകൾ, വാൾറസുകൾ, കടൽ സിംഹങ്ങൾ എന്നിവ) നൽകണമെന്ന് സൗത്താൽ എൻവയോൺമെന്റൽ അസോസിയേറ്റ്സിലെ ബ്രാൻഡൺ സൗത്താൽ അഭിപ്രായപ്പെടുന്നു. 'വെള്ളത്തിനടിയിലും മുകളിലും ഒരേപോലെ കേൾക്കേണ്ട ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ് അവർ ചെയ്യുന്നത്' അദ്ദേഹം പറഞ്ഞു.

വെള്ളത്തിനടിയിൽ തലയിടുമ്പോൾ നമുക്ക് ശബ്ദം എങ്ങനെ വികലമായി തോന്നുന്നുവെന്ന് ചിന്തിക്കുക. കാരണം മനുഷ്യന്റെ ചെവി രൂപകൽപ്പന ചെയ്തിരിക്കുന്നത് വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദം കേൾക്കാനാണ്. എന്നാൽ സീലുകൾക്ക് കരയിലും വെള്ളത്തിലും നന്നായി കേൾക്കണം. ഇതിനായി അവർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അതിശയിപ്പിക്കുന്നതാണ്. വെള്ളത്തിൽ നീന്തുമ്പോൾ, അവയുടെ മദ്ധ്യ ഭാഗത്തുള്ള ചെവിയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ രക്തം നിറയ്ക്കുന്നു. ഇത് വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങൾക്ക് ചെവിയിലൂടെ ദ്രാവകമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയും ശബ്ദത്തിന് ഉണ്ടാകുന്ന വികലത കുറയ്ക്കുകയും ചെയ്യുന്നു. കരയിലേക്ക് മടങ്ങിയെത്തുമ്പോൾ ചെവി വീണ്ടും വായു കൊണ്ട് നിറയുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |