കൊച്ചി: ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യ ഗർഡർ ഇൻഫോപാർക്ക് എക്സ്‌പ്രസ് വേയിലെ 284, 285 പില്ലറുകൾക്ക് മുകളിൽ ഇന്നലെ പുലർച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമ്മിച്ച 170 ടൺ ഭാരമുള്ള യു ഗർഡർ മൾട്ടി ആക്സിൽ ട്രെയിലർ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന് ഹെവി ഡ്യൂട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിച്ചത്. ഇൻഫോപാർക്ക് എക്‌സ്‌പ്രസ് വേ പാതയിലുള്ള തൂണുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തുടരും.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇതേവരെ സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിർമാണം പൂർത്തിയായി. 18 തൂണുകളിൽ പിയർ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകൾക്കുള്ള 260 പൈലുകളും ഉൾപ്പെടെ ആകെ 1,135 പൈലുകളുടെ നിർമ്മാണവും പൂർത്തിയായി.
കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. 100 യു ഗർഡറുകളുടെയും 72 ഐ ഗർഡറുകളുടെയും 100 പിയർ ക്യാപുകളുടെയും നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടുണ്ട്. വയഡക്ട് പൂർത്തിയാകുന്നതിനൊപ്പം ട്രാക്ക് നിർമ്മാണത്തിനുള്ള ടെൻഡറിംഗ് നടപടികളും പുരോഗമിക്കുകയാണ്.
മെട്രോ രണ്ടാം ഘട്ടം
ആകെ നിർമ്മാണ ചെലവ്------- 1,957.05 കോടി
സംസ്ഥാന സർക്കാർ വിഹിതം-------- 555.18 കോടി
കേന്ദ്ര സർക്കാർ വിഹിതം -------- 339.75 കോടി
വിദേശ വായ്പ -------- 1016.24 കോടി
വിദേശ വായ്പ ലഭ്യമാക്കുന്നത് -------
ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി)
കൊച്ചി മെട്രോ
ആകെ പൈലുകൾ----1961
ആകെ തൂണുകൾ--- 456
സ്റ്റേഷൻ---- 10
നിലവിലെ ട്രെയിനുകൾ ----25
സ്റ്റേഷനുകൾ
പാലാരിവട്ടം, ആലിൻചടുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോ പാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |