
കൊച്ചി: ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 31.50 ലക്ഷം രൂപ. യുവതിയെ കുടുക്കിയത് ഇൻസ്റ്റഗ്രാം പരസ്യത്തിലൂടെ. സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് തുടർച്ചയായി വാർത്തകൾ പുറത്തുവന്നിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
ഇത്തവണ കടവന്ത്ര ബ്ലോസം കൊച്ചിൻ റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. പാർട്‌ടൈം ജോലി എന്ന നിലയിൽ ട്രെയിഡിംഗ് പ്ലാറ്റ്ഫോമിലൂടെ പണമിറക്കിയാൽ ലാഭം കൊയ്യാമെന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ മോഹന വാഗ്ദാനം. ഇതു വിശ്വസിച്ച യുവതി ഇൻസ്റ്റഗ്രാമിൽ കണ്ട വാട്സാപ്പ് നമ്പരിൽ ബന്ധപ്പെട്ടു.
തട്ടിപ്പിന്റെ ടെലഗ്രാം ഗ്രൂപ്പ്
വാട്സാപ്പിലൂടെ ചെന്നെത്തിയത് കൂടുതൽ വലിയ തട്ടിപ്പിലേക്കാണ്. മർച്ചന്റ് അസിസ്റ്റന്റ് എന്ന ടെലഗ്രാംഗ്രൂപ്പിലും എൻ.എസ്.ഇ 588ഒ.ആർ.ജി എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിലും യുവതിയെ അംഗമാക്കി. ഇതോടെ ഇടപാടിൽ വിശ്വാസം വന്ന യുവതി പണമിറക്കാൻ തയ്യാറായി. സംഘം അയച്ചു കൊടുത്ത ബാങ്ക് അക്കൗണ്ടുകളിൽ രണ്ട് തവണയായി പണം അയച്ചു കൊടുത്തു.
2025 ഒക്ടോബർ 10 മുതൽ 14 വരെ കേവലം നാലുദിവസം കൊണ്ടാണ് പണം ഇട്ടത്. ആദ്യം 22.55 ലക്ഷം രൂപയും രണ്ടാമത് 8.95 ലക്ഷം രൂപയും അയച്ചു.
സമൂഹമാദ്ധ്യമങ്ങൾ അപ്രത്യക്ഷം
ദിവസങ്ങൾക്കകം തട്ടിപ്പ് സംഘത്തിന്റെ വാട്സാപ്പ് നമ്പരും ഇൻസ്റ്റഗ്രാം അക്കൗണ്ടും ട്രെയിഡിംഗ് പ്ലാറ്റ്ഫോമുകളും അപ്രത്യക്ഷമായി. പണം അയച്ചുകൊടുത്ത ശേഷം പ്രതികരണമില്ലാത്തതിനാൽ യുവതി കടവന്ത്ര സ്റ്റേഷനിലെത്തി പരാതി നൽകി. തട്ടിപ്പ് സംഘം ഇടപാടിന് ഉപയോഗിച്ച അക്കൗണ്ട് നമ്പരുകൾ ഇടനിലക്കാരുടേതാണെന്ന് സംശയിക്കുന്നു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വലിയ ലാഭം പ്രതീക്ഷിച്ചാണ് പലരും വലയിൽ വീഴുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |