
ആഘോഷങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. പല ആചാരങ്ങളേക്കുറിച്ചും കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും അതെല്ലാം ഓരോ നാടിന്റേയും പ്രത്യേകത, സാംസ്‌കാരിക തലം എന്നിവയുമായി കൂടി ചേര്‍ന്ന് കിടക്കുന്നവയാണ്. കര്‍ണാടകയിലെ ചാമരാജ നഗര്‍ ജില്ലയിലെ തലവാടി താലൂക്കില്‍ ഗുമാതപുര എന്ന ഗ്രാമത്തില്‍ 'ഗോര്‍ ഹബ്ബ' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ആഘോഷമുണ്ട്.
പശുവിന്റെ ചാണകത്തിന്റെ പേരിലുള്ള ഉത്സവം എന്നാണ് ഇതിന്റെ അര്‍ത്ഥം. ദീപാവലിയ്ക്ക് പിറ്റേന്നാളാണ് ഇവിടുത്തെ ഗ്രാമവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആഘോഷം സംഘടിപ്പിക്കാറുള്ളത്. ഗ്രാമവാസികള്‍ പരസ്പരം ചാണകം എറിയുകയും ദേഹത്ത് പുരട്ടി കൊടുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. ഇതുവഴി ശുദ്ധീകരണവും അനുഗ്രഹവും പരസ്പര ഐക്യവും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗ്രാമത്തിലെ ക്ഷേത്രങ്ങള്‍, കാളകള്‍, വണ്ടികള്‍ എന്നിവയെല്ലാം പൂക്കളാല്‍ അലങ്കരിച്ചാണ് ഗ്രാമവാസികള്‍ ആഘോഷത്തെ വരവേല്‍്ക്കുന്നത്. ബീരേശ്വര ശിവ ക്ഷേത്രത്തില്‍ വച്ചാണ് 'ഗോര്‍ ഹബ്ബ' ആഘോഷം നടക്കുക. ക്ഷേത്രത്തില്‍ വച്ച് ഗ്രാമത്തലവന്‍ പശുക്കളെയും കാളകളെയും പൂജിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാവും. ഗ്രാമത്തിലെത്തിയ വടക്കുനിന്നുള്ള ഒരു സന്യാസിയുമായി ബന്ധപ്പെട്ടാണ് ഗോര്‍ ഹബ്ബയുടെ ഐതിഹ്യം.
ഗ്രാമത്തില്‍ താമസിച്ചിരുന്ന സന്യാസിയുടെ മരണത്തിന് ശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഒരു കുഴിയില്‍ മൂടുകയാണ് ചെയ്തത്. പിന്നീട് ഇതിന് മുകളിലൂടെ കടന്ന് പോയ ഒരു കാളവണ്ടിക്കാരന് ഒരു ശിവലിംഗം ലഭിച്ചു. അന്ന് രാത്രി ഇയാളുടെ സ്വപ്‌നത്തില്‍ വന്ന സന്യാസി ദീപാവലിയുടെ പിറ്റേ ദിവസം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഗോര്‍ ഹബ്ബ ആഘോഷിക്കാനും നിര്‍ദേശിച്ചു. അങ്ങനെയാണ് ഗ്രാമം ഗോര്‍ ഹബ്ബ ആഘോഷിക്കാന്‍ തുടങ്ങിയതെന്നാണ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |