
പാലക്കാട്: സംസ്ഥാനത്ത് കർഷകരെ സഹായിക്കാൻ 14 കർഷക ആശ്രയകേന്ദ്രങ്ങൾ തുറക്കുന്നു. നെല്ലുസംഭരണ രജിസ്‌ട്രേഷൻ മുതൽ കാർഷിക വായ്പാ അപേക്ഷവരെ ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ കർഷകർക്കുള്ള ഡിജിറ്റൽ സേവനങ്ങൾ ഇവിടെ ലഭ്യമാകും. 14 ജില്ലകളിലും ഓരോ കേന്ദ്രങ്ങൾ വീതം തുറക്കാനാണ് ധാരണയായിട്ടുള്ളത്.
കർഷകസേവന പ്ലാറ്റ്‌ഫോമുകളായ കതിർ കേരള, എ.ഐ.എം.എസ്1, പി.എം.കിസാൻ എന്നിവയുടെ സേവനമാണ് കേന്ദ്രങ്ങളിൽ പ്രധാനമായും ലഭ്യമാവുക. ഇതിനുപുറമേ, ഫാർമർ രജിസ്ട്രി, സേവനപെൻഷൻ, റിലീസ്, സപ്ലൈകോ പാഡി, എഐഎംഎസ്2, കെസ്വിഫിറ്റ്, സ്മാം, പിഎംഎഫ്ബിവൈ, പിഎംകെഎസ്‌വൈ, എസ്എച്ച്എം, ട്രേസ് നെറ്റ്, കാബ്‌കോ, നവോധാൻ എന്നീ 13 കാർഷിക പ്ലാറ്റ്‌ഫോം സേവനങ്ങളും കേന്ദ്രത്തിൽ ലഭിക്കും.
കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ അഗ്രോസർവീസ് സെന്ററുകൾ, കാർഷിക കർമസേനകൾ എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്രം ആരംഭിക്കുക. കൂട്ടായ്മകളിലെ സാങ്കേതികപരിചയമുള്ള അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി നിയമിക്കും. പരിശീലനത്തിന് കൃഷി ഡയറക്ടറേറ്റ് ഐടി സെൽ നേതൃത്വം നൽകും. പോർട്ടലുകളുടെ ഉപയോഗം ഡിജിറ്റൽ സേവനങ്ങളിലെ പ്രാഥമികതലത്തിലുള്ള ട്രബിൾ ഷൂട്ടിങ് എന്നിവയിലാവും പരിശീലനം.
ആശ്രയകേന്ദ്രം തുറക്കുന്നതിന് ഓരോ ജില്ലയിലും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ള അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തിനൽകാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയതായി കൃഷിവകുപ്പധികൃതർ പറഞ്ഞു. കേന്ദ്രങ്ങളിൽ തടസ്സമില്ലാത്ത ഇന്റർ നെറ്റ് സേവനം കൃഷിവകുപ്പ് ഉറപ്പാക്കും. സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവനനിരക്കിലാണ് കർഷകർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാവുക. സേവനങ്ങളും നിരക്കും കേന്ദ്രത്തിലെ ബോർഡിൽ പ്രദർശിപ്പിക്കും. ഉപഭോക്താവിന് രസീതും നൽകും. ഒരു കേന്ദ്രീകൃത ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്‌വേയുമായി ആശ്രയകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
കൃഷി അസി. ഡയറക്ടർ കർഷകക്കൂട്ടായ്മകളുമായി പ്രത്യേക കരാറുണ്ടാക്കിയാണ് സേവനകേന്ദ്രങ്ങളുടെ നടത്തിപ്പവകാശം കൈമാറുക. കൃഷിവകുപ്പ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാവും പ്രവർത്തനം. ഇതിനായി മാർഗനിർദേശങ്ങളും പുറത്തിറക്കി. പ്രാരംഭച്ചെലവിനത്തിൽ അരലക്ഷം രൂപവീതം ഓരോകേന്ദ്രത്തിനും അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |