
വർക്കല: തുടർച്ചയായി പെയ്ത മഴയിൽ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചിൽ. കനാലിൽ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോൺക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആൽമരവും തെങ്ങുകളും ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി.
ആൽമരം നിന്ന ഭാഗത്തെ റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെ റോഡും അപകടാവസ്ഥയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ ടി.എസ്.കനാൽ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകി നേരത്തെതന്നെ മാറ്റിയിരുന്നു.
പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. സമീപത്തെ ട്രാൻസ്‌ഫോർമർ നിലംപൊത്താൻ സാദ്ധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ചെളിയും മണലും കലർന്ന മണ്ണാണ് ഇവിടത്തേത്. അതിനാൽ മേൽമണ്ണിൽ നിന്നും മഴവെള്ളം ഊർന്ന് താഴേക്ക് ഇറങ്ങുമ്പോൾ അടിത്തട്ടിലുള്ള മണ്ണ് വേഗത്തിൽ ഇളകിമാറുന്ന സ്ഥിതിയുണ്ട്.
ഷീറ്റ് പൈൽ സാങ്കേതിക വിദ്യ
മണ്ണിലെ ജലാംശം കുറയുന്ന മുറയ്ക്ക് മണ്ണിടിച്ചിൽ തടയിടുന്നതിനും സംരക്ഷിക്കുന്നതിനുമായി ഷീറ്റ് പൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
അപകടസാദ്ധ്യത
കുന്നിടിഞ്ഞതിന് എതിർഭാഗത്ത് ശിവഗിരി-നാരായണ ഗുരുകുലം റോഡിൽ തൊടുവേ റോഡ് വന്നുചേരുന്ന വളവിലും അപകടസാദ്ധ്യതയുണ്ട്. മഴവെള്ളം കാരണം നടപ്പാതയിൽ സംരക്ഷണഭിത്തിയോടു ചേർന്ന് പാകിയിട്ടുള്ള ഇന്റർലോക്ക് താഴ്ന്ന നിലയിലാണ്. മഴ ശക്തമായാൽ ഇവിടെയും മണ്ണിടിച്ചിലുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
പ്രതികരണം
ടി.എസ് കനാൽ നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് പ്രശ്‌നത്തിന് കാരണം.
പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ നിർമ്മാണം തടയും
എസ്.പ്രദീപ്,കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |