
പാലക്കാട്: കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റി പദ്ധതിക്ക് കേന്ദ്രവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിച്ചു. 300.2 കോടി രൂപയാണ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ വികസന കോർപ്പറേഷന് ലഭിച്ചത്. ഇതിന് ആനുപാതികമായി 316 ഏക്കർ ഭൂമി സംസ്ഥാന സർക്കാരും കോർപ്പറേഷന് കൈമാറി. രണ്ടു ഗഡുക്കളായി കേന്ദ്രം 313.5 കോടി രൂപ കൈമാറിയപ്പോൾ സംസ്ഥാനം 330 ഏക്കർ ഭൂമിയും നേരത്തേതന്നെ കൈമാറിയിരുന്നു. പദ്ധതിച്ചെലവിന്റെ 45 ശതമാനത്തോളം തുകയും അത്രത്തോളം ഭൂമിയും ഇതോടെ കെ.ഐ.സി.ഡി.സിക്ക് ലഭിച്ചുകഴിഞ്ഞു. കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേക ഉദ്ദേശ്യ സ്ഥാപനമാണ് പാലക്കാട് സ്മാർട് സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി).
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു. സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻ.ഐ.സി.ഡി.ഐ.ടി എം.ഡിയും സി.ഒ.യുമായ രജിത് സൈനി, കെ.ഐ.സി.ഡി.സി എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവരും കരാർ നേടിയ ദിലീപ് ബിൽഡ്‌കോൺ പി.എസ്.പി സംയുക്ത സംരംഭത്തിന്റെ പ്രതിനിധികളും പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റുമാരും യോഗത്തിൽ പങ്കെടുത്തു. ഈ മാസംതന്നെ കരാർ ഒപ്പിട്ട് പ്രവർത്തനങ്ങൾ ആരംഭിക്കാനും നിശ്ചിത സമയത്തിനു മുൻപുതന്നെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കാനുമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്തു.
രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 1,450 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വർഷം മുൻപുതന്നെ കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട സംസ്ഥാനം കൈക്കൊണ്ട കാര്യങ്ങൾ 2024 ജൂണിൽ വ്യവസായ മന്ത്രി പി.രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബോധ്യപ്പെടുത്തിയതിനെതുടർന്നാണ് കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കിയത്. പ്രവർത്തനങ്ങൾ പരോഗമിക്കുന്ന മുറയ്ക്ക് കേന്ദ്രവിഹിതം പൂർണമായും അനുവദിക്കുകയും അതോടെ സംസ്ഥാനം ഏറ്റെടുത്ത ഭൂമി കോർപ്പറേഷന് പൂർണമായും കൈമാറുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |