ആലപ്പുഴ: സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് അദ്ധ്യാപികയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എം.എ ബി എഡ് ബിരുദധാരിയും അദ്ധ്യാപന രംഗത്ത് 26 വർഷത്തെ പ്രവൃത്തി പരിചയവമുള്ള ചേർത്തല സ്വദേശിനിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. കൊല്ലം ജില്ലയിലെ റെസിഡൻഷ്യൻ സ്കൂളിലേക്ക് അദ്ധ്യാപികയെ തേടിയുള്ള പരസ്യം സമൂഹമാദ്ധ്യമങ്ങളിൽ കണ്ടാണ് അപേക്ഷ നൽകിയത്. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന സ്കൂൾ എന്നായിരുന്നു മാനേജ്മെന്റ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു. വ്യാജ ലോഗോയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇപ്പോഴും സ്കൂളിന്റെ വെബ്സൈറ്റ് ഇന്റർനെറ്റിൽ ലഭ്യമാണെങ്കിലും, പരിശോധിച്ചാൽ രാജസ്ഥാനിലെ സൈനിക് സ്കൂളിന്റെ വിവരങ്ങളാണ് ലഭിക്കുക. സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ രണ്ട് ഘട്ടങ്ങളായാണ് അദ്ധ്യാപിക സംഘത്തിന് കൈമാറിയത്. ഗുഗിൾ പേ വഴി ആദ്യം അമ്പതിനായിരം രൂപ സ്കൂളിന്റെ ചെയർമാൻ എന്ന് പരിചയപ്പെടുത്തിയ ഓച്ചിറ സ്വദേശിക്കും, ബാക്കി നാലരലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കുമാണ് കൈമാറിയത്.
പണം നൽകിയ ശേഷവും സ്കൂൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്ന ക്യാമ്പസിൽ അദ്ധ്യയനം തുടങ്ങിയില്ല. മാസങ്ങൾക്ക് ശേഷം അദ്ധ്യാപികയെ പത്തനംതിട്ടയിലെ മറ്റൊരു സമാന സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഹോസ്റ്റൽ വാർഡന്റെ ജോലി ചെയ്യാൻ നിർബന്ധിച്ചു. വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഒരുമാസത്തെ ശമ്പളം പോലും നൽകാതെ പ്രതികൾ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |